ചെറു പ്രായത്തിലെ പ്രണയവും, ഇപ്പോഴുളള പ്രണയവും! എല്ലാം തുറന്ന് പറഞ്ഞ് വി എം വിനു
മമ്മൂട്ടി, മോഹൻലാൽ, ജയറാം, ശ്രീനിവാസൻ, റഹ്മാൻ തുടങ്ങിയ താരങ്ങളെ വെച്ച് മെഗാ ഹിറ്റ് സിനിമകൾ ഒരുക്കിയ പ്രശസ്ത സംവീധായകൻ വി എം വിനു.വർഷങ്ങൾക്ക് മുമ്പ് പത്താം ക്ലാസിൽ പഠിക്കുന്ന, ചെറുപ്രായത്തിൽ തനിക്കുണ്ടായിരുന്ന തീവ്രമായ പ്രണയത്തിന്റേയും ഏറെ വർഷങ്ങൾക്ക് ശേഷം ഇപ്പോൾ മനസ്സിൽ സൂക്ഷിക്കുന്ന മറ്റൊരു തീവ്രമായ പ്രണയത്തിന്റേയും സംഭവ ബഹുലമായ ഓർമ്മകളുംഅനുഭവങ്ങളും 'കേരള കൗമുദി ' യോട് തുറന്ന് പറയുന്നു. വി എം വിനുവിന്റെ വാക്കുകൾ ...
മനസ്സിൽ പ്രണയത്തിന്റെ പൂക്കൾ വിരിയാൻ തുടങ്ങുമ്പോൾ; നമ്മൾ പിന്നീട് കാണുന്ന കാഴ്ച്ചകൾക്കെല്ലാം, പ്രത്യേകമായ നിറങ്ങളും ... തണുപ്പും ... സുഗന്ധവുമെല്ലാം ... നാം അറിയാതെ; നമ്മളിലേക്ക് ... നമ്മുടെ ജീവിതത്തിലേക്ക് ... നമ്മുടെ മനസ്സിലേക്ക് ... പതിയെ; വന്ന് ചേരും.
അത്തരത്തിലുള്ള ചില അനുഭവങ്ങൾ നമ്മളിൽ പലർക്കും അനുഭവപ്പെട്ടിട്ടുണ്ടാവാം. ഒരു പ്രത്യേക തരമായ മാറ്റം; ഒരു പ്രത്യേക തരമായ അവസ്ഥ. നമ്മൾ ശൂന്യതയിലാണോ എന്ന് ചോദിച്ചാൽ ശ്യൂന്യതയിലല്ല ... ഭൂമിയിലാണോ എന്ന് ചോദിച്ചാൽ ഭൂമിയിലുമല്ല ... മനസ്സാണെങ്കിൽ നൂല് പൊട്ടിയ പട്ടം പോലെ എവിടേക്കോക്കെയോ പാറി നടക്കും. നമുക്ക് ഒരിക്കലും നിർവ്വചിക്കാൻ കഴിയാത്ത ചിന്തകളും; അവസ്ഥകളും; അതാണ് ഞാൻ മനസ്സിലാക്കിയ 'പ്രണയം ...'
പത്താം ക്ലാസിൽ പഠിക്കവേ, ചെറുപ്രായത്തിലാണ് എന്റെ ആദ്യ പ്രണയം. പ്രണയം തലക്ക് പിടിതോടെ മനസ്സ് മുഴുവൻ ആ പ്രണയത്തിന്റെ ചുറ്റിലുമായി കറങ്ങി. എന്റെ ഓരോ നിമിഷത്തിലും ... ഞാൻ ചെയ്യുന്ന ഓരോ പ്രവർത്തികളിലും ... എന്റെ മനസ്സ് പ്രണയം നിറഞ്ഞ മറ്റൊരു ലോകത്താവും.
എന്റെ നാട്ടിൽ തന്നെയുള്ള ഗേൾസ് ഹൈസ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടിയോടായിരുന്നു എന്റെ ആദ്യ പ്രണയം... ക്ലാസ് മുറികളിൽ അധ്യാപകർ പഠിപ്പിക്കുമ്പോൾ, പുലർച്ചെ എഴുന്നേറ്റ് പാഠഭാഗങ്ങൾ പഠിക്കുമ്പോൾ,ഓരോ ദിവസം രാത്രിയിൽ കിടന്ന് ഉറങ്ങുമ്പോൾ, കുളിക്കുമ്പോൾ, നടക്കുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ, കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ .... എന്റെ ഓരോ നിമിഷത്തിലും ആ പെൺകുട്ടിയും അവളോടുള്ള പ്രണയവും മാത്രമായിരുന്നു എന്നിൽ നിറഞ്ഞ് നിന്നത്. മറ്റൊരു കാര്യത്തിലും മനസ്സുറക്കാതെ ആ പ്രണയത്തിന്റെ പുറകെയായിരുന്നു ഞാൻ മുഴുവൻ സമയവും.
എത്രയും വേഗം നേരം പുലരാനായി അക്ഷമയോടെയാവും രാത്രിയിലുള്ള ഉറക്കം. തിരിഞ്ഞും മറിഞ്ഞും കിടന്ന് എങ്ങിനെയൊക്കെയോ നേരം വെളുപ്പിക്കും.പിന്നീട് ആ പെൺകുട്ടി യൂണിഫോമിട്ട് സ്‌കൂളിലേക്ക് വരുന്നതും കാത്ത് അതിരാവിലെ ഓടിയെത്തി മതിലിന്റെ മുകളിൽ അള്ളിപ്പിടിച്ച് ഏറെനേരത്തെ കയറിയിരിക്കും. കൂട്ടുകാരികൾക്കൊപ്പം അവൾ സ്‌കൂളിലേക്ക് ഏറെ ദൂരത്ത് നിന്ന് നടന്ന് വരുന്നതും കൺമുന്നിലൂടെ നടന്നകന്ന് സ്‌കൂളിലേക്ക് പോകുന്നതുംകണ്ണിൽ നിന്ന് മറയുന്നത് വരെയും കുറേ സമയം നോക്കി നിന്നിട്ട് തിരികെപ്പോരും. ക്ലാസുള്ള ദിവസങ്ങളിൽ ഒരിക്കലും മുടങ്ങാത്ത ... സുഖമുള്ള ... ഒരു ദിനചര്യയായിരുന്നു ഇത്.
ഒരു ബസ് യാത്രക്കിടയിൽ കോഴിക്കോട് വെസ്റ്റ് ഹിൽ ചുങ്കത്തുളള ബസ് സ്റ്റോപ്പിൽ വെച്ചാണ് ഞാനും ആ പെൺകുട്ടിയും ആദ്യമായി കണ്ട് മുട്ടുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെയുള്ള പ്രണയം എന്നത് പോലെയായിരുന്നു ഞങ്ങളുടെ കാര്യത്തിലും.ബസ് സ്റ്റോപ്പിൽ വെച്ചുള്ള ആദ്യ കാഴ്ച്ചയിൽ തന്നെയുളള ആ പെൺകുട്ടിയുടെ നോട്ടത്തിൽ എന്നെ അവൾക്ക് ഇഷ്ടമാണെന്ന് എനിക്ക് മനസ്സിലായി; എന്റെ മനസ്സ് അവൾ തിരിച്ചറിഞ്ഞു എന്ന് എനിക്ക് ബോധ്യമായി.അക്കാലങ്ങളിൽ ഞാൻ റേഡിയോ നാടകങ്ങളിൽ അഭിനയിച്ചിരുന്നു.അത് എനിക്ക് ഒരു പ്ലസ് പോയിന്റായിരുന്നു. ആ പെൺകുട്ടിയുടെ കൂട്ടുകാർക്കെല്ലാം എന്നെ അറിയാമായിരുന്നു; അവരെല്ലാവരുമായിട്ട് ഞാൻ നല്ല സൗഹൃദത്തിലുമായിരുന്നു. എന്നാൽ അവളോട് മാത്രം മിണ്ടാൻ; എനിക്ക് ഭയമായിരുന്നു.
എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ മോഹന കൃഷ്ണനോട് ആ പെൺകുട്ടിയെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ; 'അതിനെന്താ; അതൊക്കെ നിമിഷ നേരം കൊണ്ട് ശരിയാക്കി കയ്യിൽ തരാം ' എന്ന് ; അവൻ പറഞ്ഞു. അന്നൊക്കെ മൊബൈൽ ഫോണോ, വാട്സാപ്പോ, ഫേസ്ബുക്കോ ഒന്നും ഇല്ലാത്ത കാലമായതിനാൽ മോഹന കൃഷ്ണന്റെ നിർദേശപ്രകാരം ആദ്യ പടിയായി ആ പെൺകുട്ടിക്ക് ഒരു കത്ത് കൊടുക്കാൻ തീരുമാനിച്ചു. അങ്ങനെ മോഹന കൃഷ്ണനും ഞാനും ചേർന്ന് ഒരു സ്റ്റൈലൻ പ്രണയ ലേഖനം തയ്യാറാക്കി.
പിന്നീട്; ഞാനും മോഹന കൃഷ്ണനും ഒരു സൈക്കിൾ വാടകക്ക് എടുത്ത്, സൈക്കിളിന്റെ മുന്നിൽമോഹന കൃഷ്ണനും പിന്നിൽ ഞാനും ഇരുന്ന്, അവൾക്കുള്ള പ്രണയ ലേഖനവുമായി ... അവളെ കാണുവാനായി ... അവൾക്കരികിലേക്ക് ... ഞങ്ങൾ പോയി.
വൈകുന്നേരം അവൾ സ്‌കൂൾ വിട്ട്, വീട്ടിലേക്ക് നടന്ന് പോകുന്ന ഇട വഴിയിലൂടെ, സൈക്കിളിൽ ചെന്ന്, സൈക്കിൾ അവൾക്ക് പിന്നിലൂടെ ഓവർ ടേക്ക് ചെയ്ത്, അവൾക്ക് മുന്നിലായി എത്തിയിട്ട്,അവൾക്കായുള്ള എന്റെ പ്രണയ ലേഖനം, മറ്റാരും കാണാതെ,അവൾക്ക് മാത്രം കാണാൻ പറ്റുന്ന രീതിയിൽ, ഞാൻ താഴെ റോഡിൽ ഇട്ടു. ഏറെ ഭയത്തോടെ ....ഏറെ ചങ്കിടിപ്പോടെ ... അവളെ തിരിഞ്ഞ് നോക്കാതെ ... ഞാനും മോഹന കൃഷ്ണനും, എങ്ങോടെന്ന ലക്ഷ്യമില്ലാെതെ സൈക്കിൾ മുന്നോട്ട് പറപ്പിച്ചു.
കത്ത് കൊടുത്തതിന് ശേഷം ആ പെൺകുട്ടിയുടെ പ്രതികരണം എന്താണന്നറിയാതെ ഞാൻ ആകെ ഭയപ്പെട്ടു.രാത്രി ഉറങ്ങാൻ കഴിയാതെ എങ്ങിനെയൊക്കെയോ നേരം വെളുപ്പിച്ചു. പിറ്റേന്ന് രാവിലെ, അവൾ വരുന്നതും കാത്ത് ഞാൻ മതിലിന്റെ മുകളിൽ ഇരിപ്പായി. കുറച്ച് കഴിഞ്ഞപ്പോൾ റോഡിലൂടെ ... അങ്ങ് ദൂരെ നിന്ന് ... അവൾ നടന്ന് വരുന്നത് ഭയത്തോടെ ഞാൻ കണ്ടു. അടുത്തെത്തിയപ്പോൾ അവൾ എന്റെ നേരെ നോക്കി ഒന്ന് ചിരിച്ചു. ഒന്നും മനസ്സിലാവാതെ ... ആകാംക്ഷയോടെ ... ഞാൻ അവളെ തന്നെ നോക്കി നില്ക്കവേ; നടന്ന് പോകുന്നതിനിടയിൽ, അവൾ തിരിഞ്ഞ് നിന്ന്, എന്റെനേരെ നോക്കി ഒന്നൂടെ ചിരിച്ചു.
അവളുടെ ചിരിയുടെ അർത്ഥം പൂർണ്ണമായും മനസ്സിലാക്കുവാൻ എനിക്ക് കഴിഞ്ഞില്ല. എങ്കിലും മനസ്സ് നിറയെ സന്തോഷത്തിന്റെ പൂത്തിരികൾ കത്തിപ്പടരുകയായിരുന്നു. അവിടെ നിന്ന് ഞാൻ ഓടി; എന്റെ സ്‌കൂളിലേക്ക്.. ക്ലാസിൽ താമസിച്ച് എത്താതിരിക്കാൻ...ഓടിപ്പോകുമ്പോഴും,സ്‌കൂളിൽ മാഷന്മാർ പഠിപ്പിക്കുമ്പോഴുമെല്ലാം എന്റെ മനസ്സ് നിറയെ അവളായിരുന്നു. വൈകുന്നേരത്തെ നീണ്ട ബെല്ലടി കേട്ടതോടെ ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടി. അവൾ വരുന്ന ഇടവഴിയിലായി സൈക്കിളിൽ ഞാൻ കാത്ത് നിന്നു.
അവളും കൂട്ടുകാരികളും ഇടവഴിയിലൂടെ അങ്ങ് ദൂരെ നിന്ന് നടന്ന് വരുന്നത്; ഭയാനകമായ നെഞ്ചിടിപ്പോടെ ... ആകാംക്ഷയോടെ ... ഞാൻ കണ്ടു. അടുത്തെത്തിയ അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കാൻ പോലും തയ്യാറാകാതെ മുന്നോട്ട് നടന്നു. നെഞ്ചിനുള്ളിൽ നിന്നുംതികട്ടി വരുന്ന സങ്കടത്തോടെ ... ഒന്നും മിണ്ടാൻ കഴിയാതെ ... ഞാൻ അവൾ പോകുന്നതും നോക്കി നിന്നു.
നടന്ന് പോകുന്ന; അവളുടെ കയ്യിൽ നിന്ന് റോഡിലേക്ക് ഉതിർന്ന് വീണ, മടക്കി വെച്ച ഒരു കടലാസ്തുണ്ട് പെട്ടെന്ന് എന്റെ കണ്ണുകളിൽ പെട്ടു.മറ്റാരുടേയും ശ്രദ്ധയിൽപെടാതെ ആ കടലാസ് തുണ്ട്, കൈകൾക്കുള്ളിലാക്കി, മുറുകെ പിടിച്ച്, സൈക്കിളിൽ ഞാൻ മുന്നോട്ട് കുതിച്ചു. തുണ്ട് പേപ്പർ തുറന്ന് പോലും നോക്കാതെ ... വളഞ്ഞ് പുളഞ്ഞ ഇടവഴിയിലൂടെ ...ലോകം മുഴുവൻ കീഴടക്കിയ ഒരു അവസ്ഥയിലായിരുന്നു ഞാൻ.
വീട്ട് പറമ്പിൽ മറ്റാരുടേയും ശ്രദ്ധ പതിയാത്ത ഒരിടത്ത് ഇരുന്ന്, ആ കടലാസ് തുണ്ട് ഞാൻ നിവർത്തി. വൃത്തിയുള്ള മനോഹരമായ കയ്യക്ഷരത്തിൽ വളരെക്കുറഞ്ഞ വാക്കുകൾ മാത്രം. ''ഇഷ്ടമാണ് ... ഇതൊക്കെ എത്രേത്തോളം മുന്നോട്ട് പോകും ... ഇതൊക്കെ വേണോ ... കഴിഞ്ഞ ആഴ്ച്ചയിലെ റേഡിയോ നാടകത്തിലെ അഭിനയം നന്നായിരുന്നു ... ഒത്തിരി ...ഇഷ്ടമാണ്... '' എന്നുളള ചില കാര്യങ്ങളാണ് കത്തിൽ എഴുതിയിരുന്നത്.
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു കത്ത് കിട്ടുന്നത്. അന്ന് രാത്രി വീട്ടിൽ എല്ലാവരും കിടന്ന് ഉറങ്ങുമ്പോൾ ജനലിലൂടെ കടന്ന് വന്ന നിലാവിന്റെ വെട്ടത്തിൽ ... മറ്റാരും കാണാതെ ... മുറിക്കകത്ത് കിടന്ന് ഒരുപാട് പ്രാവശ്യം ആ കത്ത് ഞാൻ വായിച്ചു. പിന്നീട് ഞങ്ങൾ തമ്മിലുള്ള പ്രണയം കത്തിപ്പടരുകയായിരുന്നു...
കുറേ നാളുകൾക്ക്ശേഷം; ഒരു ഘട്ടം കഴിഞ്ഞപ്പോൾ, ഞങ്ങടെ പ്രണയം അവളുടെ വീട്ടുകാർ അറിഞ്ഞു. അവളുടെ ആങ്ങളമാർ അവളെ പേടിപ്പിക്കലും വഴക്ക് പറച്ചിലുമൊക്കെയായി. ഇതറിഞ്ഞ മോഹന കൃഷ്ണനും കൂട്ടുകാരും മറ്റ് ചില ഗ്യാങ്ങുകളും ചേർന്ന് അവളുടെ ആങ്ങളമാരോട് ചോദിക്കാനും പറയാനുമൊക്കെയായിട്ടുള്ള ചില കലാ പരിപാടികളും നടന്നു..
അതിന് ശേഷം അവളുടെ അച്ഛന്റേയും ആങ്ങളമാരുടേയും കൂടെയാണ് അവൾ സ്‌കൂളിലേക്ക് വരുന്നതും തിരിച്ച് വീട്ടിലേക്ക് പോയിരുന്നതും. അവളുടെകൂട്ടുകാരികളിൽ നിന്നൊക്കെ അവൾ ഒറ്റപ്പെട്ട അവസ്ഥയിലായി. അതോടെ എനിക്കും അവൾക്കും പരസ്പരം കാണാനോ സംസാരിക്കാനോ കത്തുകൾ കൈമാറാനോ കഴിയാതെയുമായി. ഈ സാഹചര്യത്തിലാണ് തിരുവാതിര നാൾ എത്തുന്നത്.
'തിരുവാതിരയുടെ അന്ന് രാത്രി അവളുടെ വീട്ടിൽ വന്ന് വീടിന്റെ മുറ്റത്ത് വെച്ച് അവളുടെ അച്ഛനും ആങ്ങളമാരുംമറ്റ് വീട്ടുകാരും നോക്കി നില്‌ക്കേ അവളെ ഞാൻ കാണും; ഈ വിവരം അവളോട് പറഞ്ഞേരെ ...' എന്ന്; അവളുടെ ഒരു കൂട്ടുകാരിയോട് ഞാൻ പറഞ്ഞു.
'ഏ ... രാത്രിയിൽ വീട്ടിൽ വരാനാണോ ...' എന്ന് ചോദിച്ച് കൂട്ടുകാരി ആകെ വെപ്രാളപ്പെട്ടു. ആങ്ങളമാർക്കൊപ്പം അവൾ വൈകിട്ട്അമ്പലത്തിൽ വന്നപ്പോൾ ഇന്ന് രാത്രി വീട്ടിൽ വരുമെന്ന് മറ്റാരും കാണാതെ അവൾക്ക് സിഗ്നൽ നൽകി.
തിരുവാതിരയുടെ അന്ന് കോഴിക്കോട് പ്രദേശത്തുള്ളവർ സംഘം ചേർന്ന് നരി , പുലി, കടുവ എന്നിങ്ങനെയുള്ള മുഖം മൂടി വെച്ച് വേഷങ്ങൾ അണിഞ്ഞ് ചെണ്ട കൊട്ടി പാട്ട് പാടി ഓരോ വീടുകളിലും എത്തുന്നത് പതിവാണ്. അത് പോലെ ഞാനും അനിയന്മാരുംമോഹന കൃഷ്ണനും മറ്റ് ചില ആളുകളും ചേർന്ന് വേഷങ്ങൾ കെട്ടിചെണ്ട കൊട്ടി പാട്ടുകൾ പാടി വീടുകൾ കേറി ഇറങ്ങി; അവളുടെ വീട്ടിലും എത്തി. സംഘാംഗങ്ങൾ അവളുടെ വീട്ടുകാർക്ക് മുന്നിൽ പാട്ട് പാടി വേഷങ്ങൾ ആടി തിമിർക്കുന്നതിനിടയിൽ;മുഖം മൂടി അണിഞ്ഞ് വേഷം കെട്ടിയ ഞാൻ തിരിഞ്ഞ് മറിഞ്ഞ് മലക്കംമറിഞ്ഞ്; വീടിന്റെ മുന്നിൽ വാതിൽക്കലിൽ നില്ക്കുന്ന അവളുടെ നേരെ നോക്കി എന്റെ മുഖത്ത് വെച്ചിരുന്ന മുഖം മൂടി പെട്ടെന്ന് ഒന്ന് മാറ്റി. അവൾ ഒരു നിമിഷംഞെട്ടലോടെ എന്നെ കണ്ടു. ഇതിനിടയിൽ അവളുടെ ആങ്ങളയും എന്റെ മുഖം ഒരു നിമിഷം കണ്ടു.
പരിപാടിയെല്ലാം അവസാനിച്ച് തിരികെ പോരാൻ നേരം അവളുടെ ആങ്ങള അവളുടെ അച്ഛനോട് എന്തോ രഹസ്യം പറഞ്ഞു. പെട്ടെന്ന് അച്ഛൻ എന്റെ നേരെ സൂക്ഷിച്ച് നോക്കിക്കോണ്ട് കൈ വിരൽ ചൂണ്ടിയിട്ട് ; 'ഇവൻ ആരാ ... ഇവനോട് മുഖത്ത് നിന്ന് ആ മുഖം മൂടി ഒന്ന് മാറ്റാൻ പറഞ്ഞേ...' എന്ന് പറഞ്ഞു. അത് കേൾക്കാത്ത ഭാവത്തിൽ ഞങ്ങൾ നിന്നു.
'അവനോട് മുഖം മൂടി മാറ്റാൻപറ; എന്നിട്ട് പോയാൽ മതി ' എന്ന് അച്ഛൻ വീണ്ടും കർക്കശ സ്വരത്തിൽ പറഞ്ഞു. ഇത് പ്രശ്നമാകും; അടിയിലാണ് അവസാനിക്കൂ; എന്ന്, അവളുടെ വീട്ടുകാരുടെ ഭാവം കണ്ടപ്പോൾ എനിക്ക് ബോധ്യമായി.
വീട്ടുകാരുടെ പ്രതികരണം കണ്ട് വാതില്ക്കൽ നിൽക്കുന്ന അവൾ ആകെ ഭയപ്പെട്ടു. 'വേഗം പൊക്കോ ... ഇവിടെ നിന്നാൽ പ്രശ്നമാകും ... ' എന്നെല്ലാം മറ്റാരും കാണാതെ അവൾ ഞങ്ങളോട് പറഞ്ഞു കൊണ്ടേയിരുന്നു. പെട്ടെന്ന് അച്ഛനും വീട്ടുകാരും കലിപ്പോടെ ഞങ്ങൾക്കരുകിലേക്ക് ഇറങ്ങി വന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല; ഞാനും മോഹന കൃഷ്ണനും കൂട്ടുകാരും അവിടെ നിന്ന് ഓടി; തിരിഞ്ഞ് നോക്കാതെ ഓടി ...
അവളുടെ വീട്ടിൽ നേരിട്ട് ചെന്ന് അച്ഛന്റേയും ആങ്ങളമാരുടേയും മുന്നിൽ വെച്ച് അവളെ കാണുക എന്നത് അന്നത്തെ കാലത്തെ ഒരു വലിയ ത്രില്ലായിരുന്നു.ഏകദേശം രണ്ട് വർഷക്കാലം ആ പ്രണയം വളരെ തീവ്രമായി .... മനോഹരമായി .... മുന്നോട്ട് പോയി. പ്രണയം വളരെ തീവ്രമായി ... വളരെ മനോഹരമായി ... മുന്നോട്ട് പോയെങ്കിലും; ഇതിനിടയിൽ മറ്റൊരു സംഭവം നടന്നു.
ആ വർഷം വളരെ കൂളായി എസ് എസ് എൽ സി പരീക്ഷ ഞാൻ തോറ്റു. അതോടെ ഒരു രക്ഷയും ഇല്ലാതായി. എന്റെ അച്ഛന്റെ മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ ഞാൻ തീർത്തും ഒറ്റപ്പെട്ടു. പിന്നീട് കുറേ നാളത്തേക്ക് പകൽ സമയങ്ങളിൽ എനിക്ക് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയായി. ഞാനും മോഹന കൃഷ്ണനും ഉൾപ്പെടുന്ന സംഘം ചുറ്റിക്കറങ്ങലും മറ്റുമായി വെറുതെ സമയം പാഴാക്കി.
ഞാനുമായിട്ട് പ്രണയത്തിലായിരുന്നപെൺകുട്ടി നല്ലത് പോലെ പഠിക്കുന്ന ആളായിരുന്നു. ഞാൻ എസ് എസ് എൽ സി തോറ്റതോടെ ആ പെൺകുട്ടിക്ക് എന്നോട് ഒരു അവജ്ഞയും അകൽച്ചയും നീരസവും; പതിയെ എന്നെ ഒഴിവാക്കുന്നതായും എനിക്ക് തോന്നിയിരുന്നു.
ഈ സമയത്താണ് എന്റെ അച്ഛന്റെ പെങ്ങടെ മകൾ പത്മജവെക്കേഷന് ബാംഗ്ലൂരിൽ നിന്ന് വീട്ടിൽ എത്തുന്നത്. അവരൊക്കെ വീട്ടിൽ വന്നാൽ ഭയങ്കര രസമായിരിക്കും. ഞാൻ ഭയങ്കര തമാശക്കാരനാണ് എന്നാണ് അവരുടെയൊക്കെ ധാരണ; അത് കൊണ്ട് എന്റെ സംസാരമൊക്കെ അവർക്ക് ഏറെ ഇഷ്ടവുമാണ്. എന്റെ സംസാരം കേൾക്കാനും എന്നോട് സംസാരിക്കാനുമായി പത്മജ എന്റെ ചുറ്റിലുമായി എപ്പോഴും ചുറ്റിക്കറങ്ങി നിന്നിരുന്നു.
ഇതിനിടയിൽഒരു ദിവസം;ഞാൻ പ്രണയിക്കുന്ന പെൺകുട്ടി എന്റെ വീടിന്റെ തൊട്ടടുത്തുളള എന്റെ കസിന്റെ വീട്ടിൽ വന്നു. ഈ പെൺകുട്ടിയുമായി ഞാൻ പ്രണയത്തിലാണെന്ന കാര്യം എന്റെ കസിൻസ് പത്മജയോട് ചെറുതായിട്ട് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. ടൗണിൽ പോയി ഞാൻ തിരിച്ച് വീട്ടിൽ എത്തിയപ്പോൾ പത്മജ ബാംഗ്ലൂർക്ക് പോകുന്നതിന് വേണ്ടി ബാലുശ്ശേരിയിലുള്ള ബന്ധുവായ ദിവാകരൻ ചേട്ടന്റെ വീട്ടിലേക്ക് പോയെന്ന് വീട്ടുകാർ പറഞ്ഞു.
പെട്ടെന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ അവൾ പോയത് എന്താണെന്ന് അറിയാതെ ഞാൻ ആകെസങ്കടപ്പെട്ടു. അടുത്ത ദിവസം ബാംഗ്ലൂർക്ക് പോകുന്നതിന് വേണ്ടി അവൾ കോഴിക്കോട് വരും എന്ന് ഞാൻ അറിഞ്ഞു.ഇതേ തുടന്ന് അവൾ കോഴിക്കോട് വരുന്ന ദിവസം; ഓടിപ്പിടിച്ച് ഞാൻ കെ എസ് ആർ ടി സി സ്റ്റാൻഡിൽ എത്തിയപ്പോൾ ബന്ധുവായ ദിവാകരൻ ചേട്ടനോടൊപ്പം പത്മജ ബസ് കാത്ത് നില്ക്കുന്നത് കണ്ടു. എന്നെ കണ്ടപ്പോൾ എനിക്ക് മുഖം തരാതെ അവൾ പെട്ടെന്ന് മുഖം തിരിച്ചു. 'എന്താ എന്നോട് ഇത്ര ദേഷ്യം ' എന്ന് ഞാൻ അവളോട് ചോദിച്ചു. 'ഇത്തരത്തിലുള്ള ആളാണെന്ന് ഞാൻ അറിഞ്ഞില്ല, എല്ലാവരും പറയുന്നത് ശരിയാണ്, എല്ലാപെൺകുട്ടികളുടേയും പിന്നാലെ നടക്കുന്ന ആളാണെന്ന് എനിക്ക് അറിയില്ലായിരുന്നു '. എന്നിങ്ങനെ ചില കാര്യങ്ങൾ അവൾ എന്നോട് പറഞ്ഞു. ഇതൊക്കെ പറയുമ്പോൾ അവളുടെ ശബ്ദത്തിലും ഭാവത്തിലും ചില വ്യത്യാസങ്ങൾ പ്രകടമായിരുന്നു. മാത്രമല്ല; ഇതൊക്കെ പറയുമ്പോൾ അവളുടെ രണ്ട് കണ്ണുകളും നിറഞ്ഞിരുന്നു.
അവൾ പറയുന്നത് കേട്ട് തിരിച്ച് ഒന്നും പറയാൻ കഴിയാതെ സങ്കടപെട്ട് ഞാൻ നില്‌ക്കേവേ; ബാംഗ്ലൂർക്കുള്ള ബസ് വന്നു. പത്മജയും ദിവാകരൻ ചേട്ടനും അതിൽ കേറി ബാംഗ്ലൂർക്ക് തിരിച്ചു. പിന്നീടാണ് ജീവിതത്തിലെ നിർണ്ണായകമായ ട്വിസ്റ്റ് നടന്നത്. 'ഞാൻ അറിഞ്ഞിരുന്നില്ല; ഞാൻ അറിയാതെ ... പത്മജ എന്നെ ... അഗാധമായി പ്രണയിച്ചിരുന്നു ...' എന്ന കാര്യം.
ഏതാനും ദിവസങ്ങൾക്ക് ശേഷം ബാംഗ്ലൂരിൽ നിന്ന് പത്മജയുടെ ഒരു കത്ത് എനിക്ക് വന്നു. മുഴുവൻ ഇംഗ്ലീഷായിരുന്നു. എങ്കിലും അതിലെഴുതിയിരിക്കുന്ന ഏതാനും ചില കാര്യങ്ങൾ എനിക്ക് മനസ്സിലായി. ആ കത്ത്, ഞങ്ങൾ തമ്മിൽ ഒരിക്കലും അകന്ന് പോകാൻ കഴിയാത്ത വിധത്തിലുള്ള ഒരു ബന്ധത്തിലേക്ക്; എന്നേയും പത്മജയേയും കൂടുതൽ ...കൂടുതൽ ... ഗാഢമായി ബന്ധിപ്പിക്കുന്ന ഒന്നായി മാറുകയായിരുന്നു ...
ഇതിനിടയിൽ; ഞാനുമായി ആദ്യം പ്രണയത്തിലായപെൺകുട്ടി എപ്പോഴോ കണ്ണൂരിലുള്ള അവരുടെ തറവാട്ടിലേക്ക് പോയി. പിന്നീട് അവൾ കോഴിക്കോട്ടേക്ക് തിരികെ വന്നില്ല.ഞങ്ങൾ പിന്നീട് പരസ്പരം കണ്ടതുമില്ല. ഇന്നത്തേപ്പോലെ അന്ന് ഫോൺ നമ്പരോ മൊബൈൽ ഫോണോ വാട്സപ്പോ ഫേസ് ബുക്കോ ഒന്നും ഇല്ലാത്തതിനാൽ ആ ബന്ധം അവിടെ അവസാനിച്ചു.ഇപ്പോൾ ആ പെൺകുട്ടി എവിടെയാണെന്നോ എന്താണെന്നോ അറിയില്ല. ഒരു പ്രണയം വഴുതിപ്പോയപ്പോൾ ... എവിടെയോ അവസാനിപ്പോൾ ... മറ്റൊരു പ്രണയം ഉദയ സൂര്യനെപ്പോലെ... നിലാവ് പോലെ ... എന്നിലേക്ക്; എന്റെ ജീവിതത്തിലേക്ക്; എന്റെ മനസ്സിലേക്ക് ... കടന്ന് വരുകയായിരുന്നു. അതാണ് ഈ നിമിഷം വരെ എന്റെ ജീവിതത്തിൽ എന്റെ മുതൽക്കൂട്ടായി ഞാൻ കൊണ്ടു നടക്കുന്ന എന്റെ പത്മജ ... എന്റെ ഭാര്യയായ പത്മജ. ഞങ്ങൾ; ഇപ്പോഴും പ്രണയിക്കുകയാണ്...ഇതാണ്; എന്റെ ജീവിതത്തിലെ ഏറ്റവും അവസാനത്തെ പ്രണയവും ...വി എം വിനു പറഞ്ഞവസാനിപ്പിച്ചു.