വർഷങ്ങളുടെ കാത്തിരിപ്പും പോരാട്ടവും, ഒടുവിൽ വാർത്ത കേൾക്കാൻ അവരില്ല

Monday 04 January 2021 6:00 AM IST

ഏക മകളുടെ ദുരൂഹ മരണത്തിനു പിന്നിൽ ആരെന്നു കണ്ടെത്തുന്നത് ആയുസു മുഴുവൻ കാത്ത രണ്ട് വൃദ്ധ ദമ്പതികളുണ്ടായിരുന്നു കോട്ടയം അരീക്കരയിൽ. സിസ്റ്റർ അഭയയുടെ പിതാവ് ഐക്കരക്കുന്നേൽ തോമസും മാതാവ് ലീലാമ്മയും. മൂന്നു പതിറ്രാണ്ടോളമെത്തുന്ന കേസിൽ വിധി പറഞ്ഞപ്പോൾ ഇരുവരും മറ്റൊരു ലോകത്താണ്. പള്ളിക്കും പുരോഹിതർക്കുമെതിരെ ജീവതാവസാനം വരെ പൊരുതിയ തോമസ് 2016 ജൂലായ് 24നും ലീലാമ്മ നവംബർ 21നും മരണമടഞ്ഞു. ആത്മഹത്യയെന്ന വാദമുയർത്തി കേസ് അവസാനിപ്പിക്കാൻ അന്വേഷണ സംഘങ്ങൾ ധൃതി കാട്ടിയ ഓരോ തവണയും, അഭയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച നിലപാടുമായി ഉള്ളിലെ വേദന കടിച്ചമർത്തി സമരവേദികളിൽ നീതിക്കായി ഇവർ പോരാടി. മാറി മാറി വന്ന അന്വേഷണ സംഘങ്ങൾ കേസ് അട്ടിമറിക്കാൻ ശ്രമിച്ചപ്പോൾ കോടതിയിൽ വിശ്വാസമർപ്പിച്ച തോമസിന്റെ കാത്തിരിപ്പും നീണ്ടു.

ഒടുവിൽ വിധി എന്തെന്നറിയാതെ തോമസ് വിടപറഞ്ഞു. ഭർത്താവു മരിച്ച് അഞ്ചു മാസം കഴിഞ്ഞപ്പോൾ ലീലാമ്മയും. തലയോലപ്പറമ്പ് സ്വദേശിയായ തോമസ് അരീക്കരയിൽ താമസിക്കുന്നതിനിടെയാണ് ബീനയെന്ന സിസ്റ്റർ അഭയയുടെ ദുരൂഹ മരണം. അഭയയ്‌ക്ക് അന്ന് 21 വയസ്. ബി.സി.എം കോളേജിലെ രണ്ടാം വർഷ പ്രീ ഡിഗ്രി വിദ്യാർത്ഥിനിയും ‌ക്‌നാനായ കത്തോലിക്കാ സഭയ്‌ക്കു കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയുമായിരുന്ന അഭയയുടെ മരണം തോമസിനും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മാനസികമായി തകർന്ന തോമസും കുടുംബവും പിന്നീട് കുറവിലങ്ങാട്ടേയ്‌ക്ക് താമസം മാറി. 24 വർഷത്തോളം സമരം നടത്തിയും കോടതി കയറിയും മകളുടെ ഘാതകരെ കണ്ടെത്താൻ തോമസ് രാപ്പകലില്ലാതെ അലഞ്ഞു. ഏകമകൻ ബിജുവിനും കുടുംബത്തിനുമൊപ്പം താമരക്കാട് താമസിക്കുമ്പോഴാണ് ഇരുവരുടേയും മരണം. ബിജു ഇപ്പോൾ വിദേശത്താണ്.