ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിൽ വിശദീകരണം തേടി
കൊച്ചി : പാലാരിവട്ടം ഫ്ളൈഒാവർ അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് സമർപ്പിച്ച ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതിയും മറ്റു വിവരങ്ങളും അറിയിക്കാനാണ് സിംഗിൾബെഞ്ച് നിർദേശിച്ചത്. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ നേരത്തെ സിംഗിൾബെഞ്ച് തള്ളിയിരുന്നു. കാൻസർ ബാധിച്ച് ആശുപത്രിയിൽ കഴിയുന്നതിനാൽ ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റുന്ന ഘട്ടത്തിൽ ജാമ്യാപേക്ഷ നൽകാനും നിർദേശിച്ചിരുന്നു. എന്നാൽ തന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളാവുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ജാമ്യാപേക്ഷ നൽകിയത്. ജയിലിലേക്ക് മാറ്റുന്ന ഘട്ടത്തിൽ ജാമ്യാപേക്ഷ നൽകിയാൽ മതിയെന്ന സിംഗിൾബെഞ്ചിന്റെ വ്യവസ്ഥ നീക്കണമെന്ന് മറ്റൊരു ഹർജിയിൽ ഇബ്രാഹിംകുഞ്ഞ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടത് സിംഗിൾബെഞ്ച് അനുവദിച്ചിരുന്നു. തുടർന്നാണ് പുതിയ ജാമ്യാപേക്ഷ നൽകിയത്.