തിരുത്തൽ നിർദ്ദേശിക്കാതെ ഗവർണർ; നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണറുടെ അംഗീകാരം. തിരുത്തൽ നിർദ്ദേശിക്കാതെയാണ് ഗവർണർ കരട് അംഗീകരിച്ചത്. കാർഷിക നിയമ ഭേദഗതിയെ വിമർശിക്കുന്ന കരടിലെ ഭാഗത്തിൽ ഗവർണർ വിശദീകരണം തേടുമോ എന്ന് സർക്കാരിന് ആശങ്കയുണ്ടായിരുന്നു.
കാർഷിക നിയമ ഭേദഗതിക്ക് എതിരായ പ്രമേയം പാസാക്കാൻ 23ന് ചേരാനിരുന്ന പ്രത്യേക സഭ സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയിരുന്നില്ല. ഒടുവിൽ സർക്കാർ അനുനയിപ്പിച്ചതോടെയാണ് 31ന് സമ്മേളനത്തിന് അനുമതി കിട്ടിയത്.
കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിക്ക് എതിരായ ഭാഗത്തെ ചൊല്ലി സർക്കാരും ഗവർണറും ഏറ്റുമുട്ടിയിരുന്നു. സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായി അവസാന നിമിഷമാണ് അത് വായിക്കാൻ ഗവർണർ തയ്യാറായത്. സമാനമായ സാഹചര്യമാണ് ഇത്തവണയുണ്ടായത് എങ്കിലും ഗവർണർ നയപ്രഖ്യാപനം അംഗീകരിക്കുകയായിരുന്നു. മറ്റന്നാൾ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ പുതിയ നിയമനിർമ്മാണത്തിന് സർക്കാർ തയ്യാറെടുക്കുന്നുണ്ട്.