അറിവുകൊണ്ടും ലോകപരിചയം കൊണ്ടും ഇന്ത്യയിലെതന്നെ ഒന്നാമത്തെ പോളിസി വിദഗ്‌ദ്ധന്റെ നിയമനം: കോൺഗ്രസിനെപ്പറ്റി അടുത്തകാലത്ത് കേട്ട ഏറ്റവും നല്ല വാർത്തയെന്ന് മുരളി തുമ്മാരുകുടി
ജെ.എസ് അടൂർ എന്ന ജോൺ സാമുവലിനെ കെ പി സി സി പബ്ലിക്ക് പോളിസി അദ്ധ്യക്ഷൻ ആയി നിയമിച്ചു എന്നത് കോൺഗ്രസിനെപ്പറ്റി അടുത്തകാലത്ത് കേട്ട ഏറ്റവും നല്ല വാർത്ത എന്ന് മുരളി തുമ്മാരുകുടി. അറിവുകൊണ്ട്, ലോക പരിചയം കൊണ്ട്, ലോകത്തെവിടെയും പരന്നു കിടക്കുന്ന സൗഹൃദ വലയം കൊണ്ട്, നവീന ആശയങ്ങൾ കൊണ്ട് ഒക്കെ ഇന്ത്യയിലെതന്നെ ഒന്നാമത്തെ പോളിസി വിദഗ്ദ്ധൻ ആണ് ജോൺ. ജോണിനെ കേരളവും ജോൺ പറയുന്ന കാര്യങ്ങൾ കോൺഗ്രസ്സും ശ്രദ്ധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'കെ പി സി സിക്ക് അഭിനന്ദനങ്ങൾ, സുഹൃത്ത് ജോണിനും. അറിവുകൊണ്ട്, ലോക പരിചയം കൊണ്ട്, ലോകത്തെവിടെയും പരന്നു കിടക്കുന്ന സൗഹൃദ വലയം കൊണ്ട്, നവീന ആശയങ്ങൾ കൊണ്ട് ഒക്കെ ഇന്ത്യയിലെതന്നെ ഒന്നാമത്തെ പോളിസി വിദഗ്ദ്ധൻ ആണ് ജോൺ. ജോണിനെ കെ പി സി സി പബ്ലിക്ക് പോളിസി അധ്യക്ഷൻ ആയി നിയമിച്ചു എന്ന വാർത്ത കോൺഗ്രസിനെപ്പറ്റി അടുത്തകാലത്ത് കേട്ട ഏറ്റവും നല്ല വാർത്തയാണ്. ജോണിനെ കേരളവും ജോൺ പറയുന്ന കാര്യങ്ങൾ കോൺഗ്രസ്സും ശ്രദ്ധിക്കുമെന്ന പ്രതിക്ഷയോടെ'.
കെ.പി.സി.സിയുടെ പൊതുകാര്യനയങ്ങൾ, സാമൂഹിക, സാമ്പത്തിക വിഷയങ്ങളിൽ നേതൃത്വ പരിശീലനം തുടങ്ങിയവയിൽ ജോൺ സാമുവൽ പങ്കാളിയാകും. പാർട്ടിയുടെ സാമൂഹിക സാമ്പത്തിക വികസന ഗവേഷണത്തിന് മാർഗ്ഗനിർദേശം നൽകുക, പ്രകടനപത്രിക തയാറാക്കുന്നതിനു സഹായിക്കുക മുതലായവയാണ് ചുമതല.
ജെ.എസ്. അടൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജോൺ സാമുവലിന് ഐക്യരാഷ്ട്ര സഭയിലും അന്താരാഷ്ട്ര ദേശീയ വികസന, ഗവേഷണ സംഘടനകളിലും മൂന്ന് ദശകത്തെ നേതൃപരിചയുമുണ്ട്. ഐക്യരാഷ്ട്രസഭയുടെ വികസനവിഭാഗത്തിൽ ആഗോള ഗവേണൻസ് വിഭാഗത്തിന്റെ തലവനായിരുന്നു. കേന്ദ്ര ആസൂത്രണ കമ്മിഷനിൽ ഗവേണൻസ് വർക്കിംഗ് കമ്മറ്റി അംഗവും കേന്ദ്ര മനുഷ്യാവകാശ കമ്മിഷനിൽ പരിശീലകനുമായിരുന്നു.
നവ മാധ്യമ സംരംഭമായ ഇൻഫോചേഞ്ച് ഇന്ത്യ, ഗവേഷണ പ്രസിദ്ധീകരണമായ അജൻഡ മാസിക എന്നിവയുടെ എഡിറ്ററായിരുന്നു. ഏകത പരിഷത്തെന്ന സാമൂഹിക പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനായിരുന്നു. ബോധിഗ്രാം നേതൃപരിശീലനകേന്ദ്രത്തിന്റെ അദ്ധ്യക്ഷനാണ്.