'കേസന്വേഷണം സ്ത്രീത്വത്തെ അപമാനിച്ചു, മറ്റുള്ളവർക്ക് നീതി നിഷേധിക്കപ്പെട്ടോ എന്ന് സംശയം'; അഭയാ കേസ് വിധിയിൽ എറണാകുളം-അങ്കമാലി അതിരൂപതാ മുഖപത്രം

Thursday 07 January 2021 8:27 PM IST

കൊച്ചി: അഭയ കേസ് വിധിയിൽ സംശയം പ്രകടിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതാ മുഖപത്രമായ 'സത്യദീപം'. വൈകിവന്ന കേസ് വിധിയിൽ നീതി പൂർത്തീകരിക്കപ്പെടുക മേൽക്കോടതിയിലാണെന്നാണ് അതിരൂപതാ മുഖപത്രം പറയുന്നത്. കേസിൽ വിധി വന്നിട്ടും ചോദ്യങ്ങൾ തുടരുകയാണെന്നും വൈകുന്ന നീതി അനീതിയാണെന്നുംപരോക്ഷമായ രീതിയിൽ മുഖപ്രസംഗം ആരോപിക്കുന്നു. കോടതിവിധിയിലൂടെ ഉണ്ടായത് സമ്പൂർണ സത്യമാണോ എന്ന് സംശയമുണ്ട്.

'പൊതുബോധ നിർമിത കഥയായ ലൈംഗിക കൊലപാതകമെന്ന് ജനപ്രിയ ചേരുവ ഈ വിധിയിലും വിന്യസിക്കപ്പെട്ടെന്നു സംശയിക്കുന്നവരുണ്ട്. ആൾക്കൂട്ടത്തിന്റെ അനീതിയിൽ അമർന്നുപോയ അനേകായിരങ്ങൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ നിശബ്ദ നിലവിളികളായി തുടരുന്നുണ്ട്. അഭയയ്ക്ക് നീതി നൽകാനുള്ള ശ്രമത്തിനിടയിൽ മറ്റുള്ളവർക്ക് നീതി നിഷേധിക്കപ്പെട്ടോ എന്ന് സംശയമുണ്ട്. കേസന്വേഷണത്തിന്റെ നാൾവഴികൾ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലായത് സാംസ്‌കാരിക കേരളത്തിന്റെ അപചയമാണ്.'-എഡിറ്റോറിയൽ പറയുന്നു.

'അനീതിയുടെ അഭയപഹരണം' എന്നാണ് മുഖപ്രസംഗത്തിന്റെ തലക്കെട്ട്. വിചാരണ തീരുന്നതിനു മുമ്പേ ജനകീയ കോടതിയുടെ വിധി വന്നു എന്നത് വൈരുദ്ധ്യമാണെന്നും ജനകീയ സമ്മർദ്ദത്തെയും മാദ്ധ്യമ വിചാരണയെയും അതിജീവിച്ച് നീതി, ജലം പോലെ നീതിന്യായ കോടതിയിലും ദൈവത്തിന്റെ കോടതിയിലും ഒഴുകട്ടെ' എന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്. എഡിറ്റോറിയലിലെ വാചകങ്ങൾ പരിശോധിക്കുമ്പോൾ അഭയ കേസ് വിധിയെ തങ്ങൾ പൂർണമായും അംഗീകരിക്കുന്നില്ല എന്ന അതിരൂപതയുടെ നിലപാടാണ് വ്യക്തമാകുന്നത്.