78നിടെ 8000 ഗാന്ധി , ജോർജ്പോൾ 'ഗാന്ധി' യായിട്ട് മൂന്നര പതിറ്റാണ്ട്

Thursday 07 January 2021 11:59 PM IST

ആലപ്പുഴ: രാഷ്ട്രപിതാവ് മഹാത്മജിയിലേക്കുള്ള ആലപ്പുഴ സ്വദേശി ജോർജ്പോളിന്റെ പകർന്നാട്ടം തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ട് കഴിയുന്നു. 8000 ത്തോളം തവണയാണ് പോൾ, ഗാന്ധിജിയായത്. കൊവിഡിന്റെ പിടിയിലായ ഈ വർഷം ഗാന്ധിജിയാവാൻ കഴിയാത്തതിന്റെ ദുഃഖമുണ്ട് ഈ 78കാരന്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ കൂട്ടിയിണക്കി സ്കൂളുകളിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ അവതരിപ്പിച്ചുവന്നിരുന്ന 'ബാപ്പുജീ..മാപ്പ് 'എന്ന സ്റ്റേജ് ഡോക്യുമെറിയും കൊവിഡിൽ കുരുങ്ങിപ്പോയി.

വൈ.എം.സി.എയ്ക്ക് സമീപമുള്ള 'സബർമതി' വീട്ടിൽ തന്റെ വിലപ്പെട്ട പുരസ്കാരങ്ങൾ തൂത്തുതുടച്ചും കരകൗശല വസ്തുക്കൾ ഉണ്ടാക്കിയും ആ വിഷമം അകറ്റുകയാണ്. ഒരിക്കൽപ്പോലും അഭിനയത്തോട് കമ്പം തോന്നാത്ത ജോർജ്പോൾ ഗാന്ധിവേഷത്തിന്റെ അവസാന വാക്കാവുന്നത് തീർത്തും യാദൃച്ഛികം.

ആലപ്പുഴയിലെ പൊതുമേഖലാ സ്ഥാപനമായിരുന്ന സ്കൂട്ടേഴ്സ് കേരളയിലെ ജീവനക്കാരനായിരുന്നു. 1985 ൽ മേയ്ദിനത്തിനു മുന്നോടിയായി കമ്പനി നടത്തിയ മത്സരങ്ങളുടെ ഭാഗമായാണ് ആദ്യം ഗാന്ധിവേഷം കെട്ടിയത്. പുന്നപ്രയിലുള്ള സുഹൃത്ത് ശ്രീകണ്ഠന്റെ വീട്ടിൽ നിന്നു ഗാന്ധിവേഷത്തിൽ കമ്പനിഗേറ്റുവരെ നടന്നു. മത്സരത്തിൽ ഒന്നാം സ്ഥാനം! സമ്മാനം ഏറ്രുവാങ്ങുമ്പോൾ രാഷ്ട്രപിതാവും മനസിലേക്ക് കുടിയേറി. 'എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന' ഗാന്ധിദർശനം ജീവിതത്തിന്റെ ഭാഗമായി. കൗമുദി ചാനൽ സംപ്രേഷണം ചെയ്ത ജനപ്രിയ മെഗാസീരിയലായ 'മഹാഗുരുവിൽ' ഗാന്ധിജിയായതും മറ്റാരുമല്ല. വത്സയാണ് ഭാര്യ. മകൻ: പോൾസ്, മരുമകൾ: ബിനു.

നാടകത്തിലും ഒരു കൈ

ചങ്ങനാശ്ശേരി ഗീഥാ തിയേറ്റേഴ്സ് എൻ.എസ്.പ്രകാശിന്റെ 'ദൗത്യം' നാടകം അവതരിപ്പിക്കുന്ന കാലം. നാടകത്തിൽ ഗാന്ധിജിയെ അവതരിപ്പിച്ചുകൊണ്ടിരുന്ന നടൻ ഓർക്കാപ്പുറത്ത് തെറ്റിമാറി. തുടർച്ചയായി ബുക്കിംഗുള്ള സമയം. ഗാന്ധിജിക്കുവേണ്ടി നെട്ടോട്ടമോടിയ സമിതിക്കാരോട് ആരോപറഞ്ഞു ആലപ്പുഴയിൽ ഒരു ഗാന്ധിജിയുണ്ടെന്ന്. നാടകവണ്ടി നേരെ ആലപ്പുഴയ്ക്ക്. ജോർജ്പോൾ അങ്ങനെ 30 ലധികം വേദികളിൽ അഭിനയിച്ചു കൈയടി നേടി.

ആർ.സുകുമാരൻ സംവിധാനം ചെയ്ത യുഗപുരുഷൻ,തമിഴ്നടൻ സത്യരാജിന്റെ പെരിയോർ എന്നീ സിനിമകളിൽ ഗാന്ധിജിയായി. അരവിന്ദ് സംവിധാനം ചെയ്യുന്ന 'ദേശതലൈവർ' എന്ന തമിഴ് ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ശ്രീനാരായണഗുരുദേവനെക്കുറിച്ച് വന്നിട്ടുള്ള എല്ലാ സീരിയലുകളിലും ഗാന്ധിജിയാവാനുള്ള ഭാഗ്യവും ലഭിച്ചു. ഹേ..റാം, നേർക്കാഴ്ച, പിതാവും പുത്രനും, 100 കോടി കനവ്(തമിഴ്) എന്നീ ഹ്രസ്വചിത്രങ്ങളിലും വേഷമിട്ടു.