സ്വപ്‌നയുടെ വധഭീഷണി അന്വേഷിക്കണമെന്ന ഉത്തരവിന് സ്റ്റേ

Friday 08 January 2021 12:30 AM IST

കൊച്ചി : സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് വധഭീഷണി ഉണ്ടെന്ന പരാതി അന്വേഷിക്കാൻ നെയ്യാറ്റിൻകര സ്വദേശി രാജൻ നൽകിയ അപേക്ഷയിൽ കേസെടുക്കാനുള്ള തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

സ്വർണക്കടത്തു കേസിൽ സാമ്പത്തിക കുറ്റവിചാരണയുടെ ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയിൽ ഹാജരാക്കിയപ്പോഴാണ് തനിക്കു വധഭീഷണി ഉണ്ടെന്ന് സ്വപ്ന പറഞ്ഞത്. ഉന്നതരുടെ പേരു വെളിപ്പെടുത്താതിരിക്കാനാണ് അജ്ഞാതർ സ്വപ്നയെ ഭീഷണിപ്പെടുത്തിയതെന്നാരോപിച്ചാണ് രാജൻ തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി രണ്ടിൽ പരാതി നൽകിയത്. കോടതി ഇക്കാര്യം കേസെടുത്ത് അന്വേഷിക്കാൻ ഫോർട്ട് പൊലീസിന് കൈമാറി. ആരാണ് ഭീഷണിപ്പെടുത്തിയതെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിനും കോടതി നിർദ്ദേശിച്ചിരുന്നു.

കേസെടുക്കാനുള്ള ഗൗരവമുണ്ടോയെന്ന് വിലയിരുത്തിയല്ല മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടതെന്ന് ആരോപിച്ചാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.