ശബരിമല തീർത്ഥാടനം കുറ്റമറ്റതാക്കാനായി : എൻ.വാസു

Sunday 10 January 2021 12:58 AM IST

പത്തനംതിട്ട : കൊവിഡിന്റെ പരിമിതികൾക്കിടയിലും ശബരിമല തീർത്ഥാടനം കുറ്റമറ്റതാക്കാനായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു പറഞ്ഞു. മണ്ഡല മകരവിളക്ക് കാലത്തെ പ്രവർത്തനങ്ങൾ വിലയിരുത്താനായി ചേർന്ന യോഗത്തിനു ശേഷം സന്നിധാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ജീവനക്കാരുടെയും പൊലീസ്, ആരോഗ്യം തുടങ്ങി സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായി പ്രതിസന്ധികൾ മറികടക്കാനായി. കൊവിഡ് പശ്ചാത്തലത്തിൽ ഭക്തരെ നിയന്ത്രിച്ചിരുന്നതിനാൽ വരുമാനത്തിലും ഇത് പ്രതിഫലിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 1,16,706 പേർ വെർച്ച്വൽ ക്യൂ സംവിധാനത്തിൽ സന്നിധാനത്ത് ദർശനം നടത്തി. 14,11,36,447 രൂപ വരുമാനം ലഭിച്ചു. ഈ വരുമാനം മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രര്യാപ്തമല്ല. സർക്കാരിനോട് കൂടുതൽ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ശബരിമല തീർത്ഥാടനത്തിനായി നൽകിയ 40 കോടി ഉൾപ്പെടെ 70 കോടി രൂപയാണ് സർക്കാരിൽ നിന്ന് ബോർഡിന് സഹായമായി ലഭിച്ചതെന്നും തീർത്ഥാടന കാലത്തെ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉദാരമായ സമീപനമാണ് ഉണ്ടായതെന്നും പ്രസിഡന്റ് പറഞ്ഞു. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.