പാമ്പ് ആയിരുന്നു, സക്കറിയയുടെ പലഹാരം!
ആലപ്പുഴ: മജീഷ്യൻ സക്കറിയ യൂനുസിന്റെ മാജിക് ഷോയുടെ അവസാനമെത്തുമ്പോൾ ചിലർ ഛർദ്ദിക്കുമായിരുന്നു, ധൈര്യമില്ലാത്തവർ കണ്ണുപൊത്തിക്കളയും. കാരണം, പാമ്പിനെ കടിച്ചു മുറിച്ചു തിന്നുന്ന 'പാമ്പ് ഒരു പലഹാരം' ആണ് അവസാന ഇനം! അഞ്ചാം വയസിലെ അരങ്ങേറ്റ വേദി മുതൽ വന്യജീവി സംരക്ഷണനിയമം പിടിമുറുക്കിയ കാലം വരെ മാജിക് വേദികളിൽ സക്കറിയ യൂനുസ് (61) അകത്താക്കിയത് ആയിരത്തിലധികം പാമ്പുകളെ !
വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റിലായ നാൾ വരെ കേരളത്തിലും പുറത്തും 'പാമ്പ് ഒരു പലഹാരം' എന്ന ലാലാ മാജിക് ട്രൂപ്പിന്റെ ഐറ്റത്തിന് വൻ ഡിമാൻഡായിരുന്നു.
പിതാവും പ്രശസ്ത ജാലവിദ്യ കലാകാരനുമായിരുന്ന എം.കെ.യൂനുസ് എന്ന ലാലാ പകർന്ന് നൽകിയ വിദ്യയാണത്. കാണികൾക്ക് മുന്നിൽ ജീവനോടെ പരിചയപ്പെടുത്തുന്ന പാമ്പിനെ മുറിച്ച് തോലോടുകൂടി കഴിക്കും!
പാമ്പിനെ കഴിക്കാൻ കൈയിൽ എടുക്കുന്നതോടെ ഒരു മാന്ത്രിക ശക്തി തന്നിൽ ആവേശിക്കും. മൂന്നര മിനിറ്റിൽ പാമ്പിനെ ചവച്ച് കഴിക്കും. മാജിക്കൽ പവർ ശരീരത്ത് നിന്ന് മാറുന്നതോടെ പാമ്പിനെ കഴിക്കാനാവില്ലെന്നും വട്ടപ്പള്ളി സ്വദേശിയായായ സക്കറിയ പറയുന്നു.
ആലപ്പുഴ നഗരസഭയിലെ ശിപായി ജോലി ഉപേക്ഷിച്ച് ജീവിതം ജാലവിദ്യയ്ക്കായി മാറ്റിവച്ചയാളാണ് പിതാവ് യൂനുസ്. അദ്ദേഹമാണ് പാമ്പിനെ കഴിക്കുന്ന ഐറ്റം ആദ്യമായി അവതരിപ്പിച്ചതും. സക്കറിയ അടക്കം അഞ്ച് മക്കളും പിതാവിനൊപ്പം വേദികളിൽ സജീവമായിരുന്നു. പാമ്പുകളെ എല്ലാവരും ചേർന്ന് നാട്ടിൽ നിന്ന് കണ്ടെത്തും. പല തവണ കൊത്തേറ്റെങ്കിലും ഗുരുതരമായില്ല. ഇരുപത് വർഷം മുമ്പ് കോതമംഗലത്തെ വേദിയിൽ പാമ്പിനെ കൈയിലെടുത്തപ്പോഴാണ് വനം വകുപ്പിന്റെ ആദ്യ വിലക്ക് വീണത്. ഊട്ടിയിലെ ഒരു വേദിയിൽ പരിപാടി അവതരിപ്പിക്കുമ്പോൾ തമിഴ്നാട് വനം വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. അന്ന് കേസിൽ നിന്ന് ഒരുവിധം ഊരിപ്പോന്നു. അതോടെ പാമ്പ് ഒരു പലഹാരം എന്ന ഷോയ്ക്കും കർട്ടൻ വീണു.
ഇപ്പോഴും പാമ്പ് ഷോ ആവശ്യപ്പെടുന്നവരുണ്ട്. നിയമത്തെ മാനിക്കുന്നതിനാൽ പിന്നീട് പാമ്പിനെ ഭക്ഷിച്ചിട്ടില്ല. സക്കറിയയുടെ ലാലാ മാജിക് ഫാമിലി ട്രൂപ്പ് ഇപ്പോഴും സജീവമാണ്. ഭാര്യ നസീറയും മക്കളും ബന്ധുക്കളുമാണ് വേദികളിൽ സഹായികളാവുന്നത്.
''മാജിക്കിന്റെ പവർ എന്നിലും പാമ്പിലും നിലനിൽക്കുന്ന മൂന്നര മിനിറ്റാണ് പാമ്പിനെ ജീവനോടെ കഴിക്കാൻ സാധിക്കുന്നത്. വന്യജീവി സംരക്ഷണ നിയമം കർശനമാകുന്നതിന് മുമ്പ് ഷോയ്ക്ക് വലിയ ഡിമാൻഡായിരുന്നു. ഉത്സവപ്പറമ്പുകളിൽ ഷോയുടെ എണ്ണം കൂടുമ്പോൾ ഒരു ദിവസം പത്തിലധികം പാമ്പുകളെ കഴിക്കേണ്ടി വന്നിട്ടുണ്ട്''.
സക്കറിയ യൂനുസ്