മേൽപ്പാലം വന്നിട്ടും കുരുക്കഴിഞ്ഞില്ല, വൈറ്റിലയിൽ ട്രാഫിക് പരിഷ്‌കരണം ഏർപ്പെടുത്തി
കൊച്ചി: കാത്തിരുന്ന മേൽപ്പാലം യാഥാർത്ഥ്യമായിട്ടും വൈറ്റിലയിൽ ഗതാഗത തടസം പൂർണമായി മാറിയില്ല. പാലം തുറന്ന ഇന്നലെ രാത്രി വൈകിയും വൈറ്റിലയിലേക്കെത്തുന്ന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കടവന്ത്രയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള വാഹനങ്ങൾക്ക് പുതിയ സിഗ്നലിൽ സമയം കുറവാണ്. ട്രാഫിക് എയ്ഡ് പോസ്റ്റും ഡിവൈഡറും ഒക്കെയായി ഇടുങ്ങിയ ജംഗ്ഷനിൽ രണ്ട് വരിയിൽ എത്തുന്ന വാഹനങ്ങൾക്ക് കടന്നു പോവുക പ്രയാസം. ഇതാണ് ഗതാഗതം തടസപ്പെടുത്തിയത്.
പരാതി ഉയർന്നതിനെ തുടർന്ന് പാലത്തിനടിയിലൂടെ തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള ക്രോസിംഗ് പൊലീസ് അടച്ചു. ഒരാഴ്ചത്തെ പരീക്ഷണത്തിനൊപ്പം പ്രശ്നം എങ്ങനെ തീർക്കാമെന്ന് ചർച്ച ചെയ്യാൻ ട്രാഫിക്ക് കമ്മീഷണർ പിഡബ്ല്യുഡിക്ക് കത്തയച്ചിട്ടുണ്ട്. ജംഗ്ഷനിലെ പുതിയ ട്രാഫിക് സംവിധാനവുമായി യാത്രക്കാർ പരിചയിക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് ട്രാഫിക് പൊലീസിന്റെ കണക്കുകൂട്ടൽ.