കടയ്ക്കാവൂർ കേസ്; പൊലീസിനെതിരെ വനിതാ കമ്മീഷനും ശിശുക്ഷേമ സമിതിയും, കേസെടുക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെയർപേഴ്‌സൺ, അമ്മയെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണം ഐജി അന്വേഷിക്കും
തിരുവനന്തപുരം: കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചതായി പറയപ്പെടുന്ന സംഭവം ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ആരോപണ വിധേയയായ യുവതിയെ ഭർത്താവ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്ന ആരോപണമാണ് ഐജി അന്വേഷിക്കുക. തന്റെ അമ്മയ്‌ക്കെതിരെ ഉണ്ടായ പരാതി അടിസ്ഥാന വിരുദ്ധമാണെന്ന് യുവതിയുടെ ഇളയ മകൻ പറഞ്ഞിരുന്നു.
കേസിൽ പൊലീസ് അനാവശ്യ തിടുക്കം കാട്ടിയെന്ന് ആരോപിച്ചുകൊണ്ട് വനിതാ കമ്മീഷനും രംഗത്ത് വന്നിരുന്നു. കേസ് എടുക്കുന്നതിൽ പൊലീസ് ജാഗ്രത കാട്ടണമായിരുന്നുവെന്നും പരാതിയെ കുറിച്ച് കൂടുതൽ അന്വേഷിക്കേണ്ടിയിരുന്നുവെന്നും വനിതാ കമ്മീഷൻ അംഗം ഷാഹീദ കമാൽ പറഞ്ഞു.
പൊലീസ് നിലപാടിനെതിരെ ശിശുക്ഷേമസമിതി ചെയർപേഴ്സൺ അഡ്വ.എൻ സുനന്ദയും രംഗത്ത് വന്നു. വിവരം നൽകിയ ആളുടെ സ്ഥാനത്ത് തന്റെ പേര് എഫ്ഐആറിൽ വന്നത് തെറ്റായിട്ടാണെന്നും പൊലീസിന്റെ ആവശ്യപ്രകാരം കൗൺസിലിംഗ് നൽകുക മാത്രമാണ് ചെയ്തതെന്നും ചെയർപേഴ്സൺ പറയുന്നു. ശിശുക്ഷേമസമിതി ഒരു വിവരവും പൊലീസിന് നൽകിയിട്ടില്ലെന്നും പൊലീസ് സംഭവിച്ച പിഴവ് തിരുത്തണമെന്നും അഡ്വ.എൻ സുനന്ദ വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് യുവതിയുടെ മാതാപിതാക്കൾ അറിയിച്ചിട്ടുണ്ട്. വിവാഹബന്ധം വേർപെടുത്താതെ യുവതിയുടെ ഭർത്താവ് രണ്ടാം വിവാഹം കഴിക്കാൻ ശ്രമിച്ചതിനെ അവർ ചോദ്യം ചെയ്തതിനുള്ള വാശിക്കാണ് ഇയാൾ യുവതിക്കെതിരെ ഇത്തരത്തിൽ പരാതി നൽകിയതെന്നും മാതാപിതാക്കൾ ആരോപിച്ചു.