സംസ്ഥാനത്ത് മൂന്ന് ദിവസം അതിശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Monday 11 January 2021 4:58 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കി ജില്ലയിലും ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്. 13ന് തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മി.മി മുതൽ 204.4 മി.മി വരെ മഴ ലഭിക്കും. യെല്ലോ അലർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ 64.5 മി.മി മുതൽ 115.5 മി.മി വരെ മഴ ലഭിക്കും. അതിശക്തമായ മഴയാണ് ലഭിക്കുക എന്നതിനാൽ പൊതുജനങ്ങൾ ശ്രദ്ധ പുലർത്തണം. ഉച്ചയ്‌ക്ക് ശേഷം തുടങ്ങുന്ന ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാ‌റ്റും ഉണ്ടാകും.മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ വലിയ തിരമാലകൾക്കും കടലാക്രമണങ്ങൾക്കും സാദ്ധ്യതയുള‌ളതിനാൽ ശ്രദ്ധ പുലർത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.