കരിപ്പൂർ വിമാനത്താവളത്തിൽ റെയ്ഡ്; കസ്റ്റംസ് ഓഫീസറുടെ കൈയിൽ നിന്ന് മൂന്ന് ലക്ഷം രൂപ കണ്ടെടുത്തു, യാത്രക്കാരെയും പരിശോധിക്കുന്നു

Tuesday 12 January 2021 9:48 AM IST

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ റെയ്ഡ്. സി ബി ഐയുടെയും ഡി ആർ ഐയുടെയും സംയുക്ത സംഘമാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് പുലർച്ചെയാണ് പത്തംഗ സംഘം പരിശോധന തുടങ്ങിയത്. കസ്റ്റംസ് ഓഫീസറിൽ നിന്ന് ഏകദേശം മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നിന്നുമാണ് പണം കണ്ടെത്തിയത്.

അടുത്തിടെ കരിപ്പൂരിൽ സ്വർണക്കടത്ത് വ്യാപകമായിരുന്നു. നിരവധി പേർ പിടിയിലാവുകയും ചെയ്തിരുന്നു. കസ്റ്റംസിന്റെ പരിശോധന സംവിധാനങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ കൂടിയാണ് റെയ്ഡ് നടത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരെയും സംഘം പരിശോധിക്കുന്നുണ്ട്. ഇവരിൽ നിന്ന് സ്വർണവും പണവും പിടികൂടിയതായും സൂചനയുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണോ പരിശോധന എന്ന് വ്യക്തമല്ല.