ഭിന്നശേഷിക്കാർക്ക് പ്രൊമോഷന് സംവരണം നടപ്പാക്കണം

Wednesday 13 January 2021 12:00 AM IST

ന്യൂഡൽഹി :ഭിന്നശേഷിക്കാർക്ക് സർക്കാർ സർവീസിൽ പ്രോമോഷന് സംവരണം സമയബന്ധിതമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി ഇടക്കാല നിർദ്ദേശം നൽകി.

ഇതു സംബന്ധിച്ച സുപ്രീംകോടതിയുടെ മുൻ ഉത്തരവ് നടപ്പാക്കാൻ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ കേസിൽ ജസ്റ്റിസ് രോഹിന്റൺ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് അറ്റോർണി ജനറൽ കെ. കെ. വേണുഗോപാലിനാണ് നിർദ്ദേശം നൽകിയത്.

കണ്ണൂർ നാറാത്ത് യു.പി. സ്‌കൂളിലെ അദ്ധ്യാപകൻ കെ.എൻ. ആനന്ദ് ഉൾപ്പടെ 13 പേരാണ് ഹർജിക്കാർ.

പ്രൊമോഷന് സംവരണം കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും എങ്ങനെയാണ് നടപ്പിലാക്കാൻ തീരുമാനിക്കുന്നത് എന്നത് സംബന്ധിച്ച് വിശദമായ സത്യവാങ്‌മൂലം 7 ദിവസത്തിനുള്ളിൽ സമർപ്പിക്കാനും കേസിൽ കക്ഷിയായ വ്യക്തികൾക്ക് ഒരു മാസത്തിനുള്ളിൽ പ്രൊമോഷനിൽ സംവരണം ഏർപ്പെടുത്തുന്ന ഉത്തരവ് സുപ്രീംകോടതിയിൽ ഫയൽ ചെയ്യുവാനും നിർദ്ദേശം നൽകി. ഇതിൽ വീഴ്ച വരുത്തിയാൽ സംസ്ഥാന ചീഫ് സെക്രട്ടറിമാരെ കോടതി അലക്ഷ്യക്കുറ്റത്തിന് സുപ്രീംകോടതിയിൽ വിളിച്ചുവരുത്തുമെന്നും മുന്നറിയിപ്പ് നൽകി.

സർക്കാർ ജോലികളിൽ ഭിന്നശേഷിക്കാർക്ക് നാല് ശതമാനമെങ്കിലും സംവരണം നൽകണമെന്ന് 2016ൽ പാർലമെന്റ് നിയമം പാസാക്കിയിരുന്നു. ഭിന്ന ശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നൽകണമെന്ന് 2016 ൽ രാജീവ് കുമാർ ഗുപ്ത കേസിൽ സുപ്രീം കോടതി ഉത്തരവുമിട്ടു. എന്നാൽ കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ തയാറാകുന്നില്ലെന്നതാണ് ഹർജിക്കാരുടെ പരാതി.