ഇന്ന് സിനിമയുടെ മാസ് എൻട്രി, 500 തിയേറ്ററുകളിൽ 'മാസ്റ്റർ'

Wednesday 13 January 2021 12:00 AM IST

തിരുവനന്തപുരം: പതിനൊന്നു മാസം മുമ്പ് അടഞ്ഞ തീയേറ്ററുകൾ ഇന്നു തുറക്കുമ്പോൾ ആവേശത്തോടെ കടന്നുവരുകയാണ് സിനിമാ പ്രേമികൾ. അവരുടെ മുന്നിൽ ആദ്യം എത്താനുള്ള നിയാേഗം വിജയ്‌യുടെ ചിത്രം 'മാസ്റ്ററി'നാണ്. ഇന്ന് രാവിലെ 9നാണ് ആദ്യ പ്രദർശനം

സംസ്ഥാനത്തെ 500 തീയേറ്ററുകളിലാണ് ഈ തമിഴ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിനുമുമ്പ് ഒരു മലയാള ചിത്രത്തിനും ലഭിക്കാത്ത ഭാഗ്യം. തുറക്കുന്ന തീയേറ്ററുകളിലെല്ലാം മാസ്റ്റർ പ്രദർശിപ്പിക്കാൻ ഉടമകളുടെ സംഘടനകൾ അനുവാദം നൽകി. ഇന്നത്തെ മൂന്ന് പ്രദർശനങ്ങളുടെയും 90 ശതമാനം ടിക്കറ്റുകളും വിറ്റു. പ്രധാന സെന്ററുകളിൽ ഞായറാഴ്ച വരെ നിശ്ചിത സീറ്റുകളുടെ 80 ശതമാനവും റിസർവ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച ചിലമ്പരസൻ നായകനാകുന്ന 'ഈശ്വരൻ' എന്ന സിനിമ കൂടി എത്തും. 22നാണ് മലയാള സിനിമ തുടങ്ങുക. പ്രജേഷ് സെൻ സംവിധാനം ചെയ്ത 'വെള്ളം' അന്ന് റിലീസ് ചെയ്യും.

അണുവിമുക്തമാക്കി തിയേറ്ററുകൾ

 തിയേറ്ററുകൾ രണ്ടു വട്ടം അണുവിമുക്തമാക്കി

 ഓരോ പ്രദർശനം കഴിഞ്ഞും അണുവിമുക്തമാക്കും

 എല്ലാം പ്രവേശന കവാടത്തിലും സാനിട്ടൈസർ

 ബാത്ത് റൂമുകളിലും കൈകഴുകിന്നടത്തും ഹാൻഡ് വാഷ്

 സീറ്റുകൾ ഒന്നിടവിട്ട് റിബൺ ഒട്ടിച്ച് ബ്ലോക്ക് ചെയ്തു

 എ.സി,​ പ്രൊജക്ടർ തുടങ്ങിയ അറ്റകുറ്റപ്പണി ചെയ്തു

 ഇതിനെല്ലാമായി ചെലവ് രണ്ടു മുതൽ മൂന്നു ലക്ഷം രൂപവരെ

 പ്ലീസ് നോട്ട് ദി പോയിന്റ്

സാനിട്ടൈസറും ഹാൻഡ് വാഷും മിക്ക തിയേറ്ററുകളിലും ബോട്ടിലിലാക്കി വച്ചിരിക്കുകയാണ്. സിനിമ കാണാനെത്തുന്നവർ അതടിച്ചുകൊണ്ടു പോകരുതെന്ന അഭ്യർത്ഥന തിയേറ്ററുകാർക്കുണ്ട്. കടക്കെണിയിലാണ് പലരും.