ചെന്നിത്തലയെ ഉന്നമിട്ട് ചോദ്യം വാക്പോരിൽ മുങ്ങി സഭ

Wednesday 13 January 2021 12:00 AM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ബാറുടമ ബിജു രമേശ് കോഴ നൽകിയെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യം നിയമസഭയിൽ ഇന്നലെ ചോദ്യോത്തരവേളയെ ബഹളത്തിലും വാഗ്വാദങ്ങളിലും മുക്കി.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കൂട്ടാതിരിക്കാൻ പ്രമുഖ ബാറുടമ അന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന ഇന്നത്തെ പ്രതിപക്ഷ നേതാവിന് കൈക്കൂലി നൽകിയെന്ന പുതിയ വെളിപ്പെടുത്തലിൽ അന്വേഷണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതായിരുന്നു ഭരണപക്ഷത്ത് നിന്നുള്ള ആദ്യചോദ്യം. ഇതു കീഴ് വഴക്കങ്ങൾക്ക് വിരുദ്ധമാണെന്നും ചോദ്യങ്ങളിൽ വ്യക്തിപരമായ ആരോപണങ്ങൾ ഉൾപ്പെടുത്തുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി കെ.സി.ജോസഫ് എതിർത്തു. അബദ്ധം സംഭവിച്ചുണ്ടെങ്കിൽ പരിശോധിക്കാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല.
രഹസ്യാന്വേഷണം നടത്തിയെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള പ്രാഥമികാന്വേഷണത്തിന് അനുമതി നൽകുന്ന കാര്യം പരിശോധിച്ചു വരുകയാണെന്നും മുഖ്യമന്ത്രി മറുപടി നൽകി.

ഇത്തരമൊരു ചോദ്യം എന്തിനെന്ന് എല്ലാവർക്കുമറിയാമെന്നും അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന സർക്കാർ, പ്രതിപക്ഷവും അങ്ങനെയാണെന്ന് വരുത്തിത്തീർക്കാനുള്ള പാഴ് വേല നടത്തുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 'ഞാൻ അഴിമതിക്ക് കൂട്ടുനിന്നിട്ടില്ല. ബോധപൂർവം പ്രതിപക്ഷത്തെ ആക്ഷേപിക്കാനാണ് ശ്രമം. ഏതന്വേഷണം നടത്തിയാലും എനിക്ക് ഒരു ചുക്കുമില്ല.'- ഇങ്ങനെ ചെന്നിത്തല പ്രതികരിച്ചതോടെ തടസ്സപ്പെടുത്താൻ ഭരണപക്ഷവും പ്രതിരോധവുമായി പ്രതിപക്ഷാംഗങ്ങളും എഴുന്നേറ്റു.സഭയിൽ ബഹളമായി.
പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വിചിത്രമാണെന്നും ജനങ്ങളുടെ ഓർമ്മശക്തിയെ ചോദ്യം ചെയ്യരുതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധമുയർത്തിയതോടെ, ജനങ്ങളുടെ കൈകൊണ്ട് കരണത്ത് അടി കൊണ്ടവരാണ് അവിടെയിരുന്ന് ഉളുപ്പില്ലാതെ ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു .