ശബരിമലയിൽ വരുമാനം വെറും 15 കോടി മാത്രം; സർക്കാരിനോട് 100 കോടി ചോദിച്ച് ദേവസ്വംബോർഡ്

Wednesday 13 January 2021 4:33 PM IST

പത്തനംതിട്ട: ശബരിമലയിൽ ഈ വർഷത്തെ വരുമാനം ഇതുവരെ 15 കോടി രൂപയോളം മാത്രമാണെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എൻ.വാസു. വരുമാനം കുറയുന്നത് ബോർഡിന്റെ കീഴിലുള‌ള മ‌റ്റ് ക്ഷേത്രങ്ങളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. വരുമാനമില്ലാത്ത ചെറിയ ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നത് ശബരിമലയിലെ വരുമാനം ഉപയോഗിച്ചാണ്. ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ സർക്കാരിനോട് സഹായമഭ്യർത്ഥിച്ചു. വരുമാന നഷ്‌ടം നികത്താൻ മാസപൂജ സമയത്ത് കൂടുതൽ ദിവസങ്ങളിൽ നടതുറക്കണമെന്ന് ആലോചനയുണ്ട്. തന്ത്രി ഉൾപ്പടെയുള‌ളവരോട് ഇക്കാര്യം ആലോചിക്കുമെന്നും എൻ.വാസു അഭിപ്രായപ്പെട്ടു.

കൊവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലൂടെയാണ് ബോർഡ് ഇപ്പോൾ കടന്നുപോകുന്നത്. തീർത്ഥാടകരുടെ എണ്ണത്തിലെ കുറവ് വരുമാനത്തിലുമുണ്ട്. കഴിഞ്ഞ വർഷം 200 കോടിയോളം ലഭിച്ച സ്ഥാനത്ത് ഇത്തവണ 15 കോടി മാത്രം. ബോർഡിലെ ശമ്പളത്തിന് മാത്രം 30 കോടിയോളം ഒരു മാസം വേണ്ടിവരും. സർക്കാരിനോട് സഹായം ചോദിച്ചതായും സർക്കാരിന് ബോർഡിനോട് പോസി‌റ്റീവ് സമീപനമാണെന്നും വാസു പറഞ്ഞു.

ശബരിമലയിൽ ഏ‌റ്റവുമധികം ഭക്തജന തിരക്ക് അനുഭവപ്പെടുന്ന സമയമാണ് മകരവിളക്ക് സമയം. എന്നാൽ ഇത്തവണ മകരവിളക്ക് ഒരു ചടങ്ങ് മാത്രമായി മാറുമെന്ന് ഉറപ്പായി. നാളെ മകരവിളക്ക് സമയത്ത് സന്നിധാനത്ത് പരമാവധി 240 പേരെ മാത്രമേ അനുവദിക്കുകയുള‌ളു. മകരസംക്രമ പൂജ 14ന് രാവിലെ 8.10നും 8.32നുമിടയിലാണ്. ഇന്ന് ദർശനത്തിനെത്തുന്നവരെയാരെയും ശബരിമലയിൽ തങ്ങാൻ അനുവദിക്കില്ല. മുൻവർഷങ്ങളിൽ മകരവിളക്ക് ദർശനത്തിനായി ക്യാമ്പ് ചെയ്യാൻ ഭക്തരെ അനുവദിച്ചിരുന്നെങ്കിൽ ഇത്തവണ അത്തരം അനുമതികളൊന്നും നൽകുന്നില്ലെന്ന് ബോർഡ് അധികൃതർ അറിയിച്ചു. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഇത്തവണ കൊവിഡ് ചട്ടങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാനാണ് നിയോഗിച്ചിരിക്കുന്നത്.