കയറ്റുമതിയിലാണ് കാര്യം,​ പുതിയ വിദേശ വ്യാപാരനയം ഏപ്രിലിൽ

Thursday 14 January 2021 4:22 AM IST

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തേക്കുള്ള ഇന്ത്യയുടെ പുതിയ വിദേശ വ്യാപാരനയം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം വാണിജ്യ സഹമന്ത്രി ഹർദീപ് സിംഗ്പുരി വകുപ്പിന്റെ പാർലമെന്ററി കാര്യ സമിതിയംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യൻ സാമ്പത്തി​ക വ്യവസ്ഥ അഞ്ച്ലക്ഷം കോടി​ ഡോളറി​ന്റേതായി​ വളർത്താനുള്ള കേന്ദ്രസർക്കാരി​ന്റെ പ്രഖ്യാപനം സഫലമാക്കാനുള്ള പ്രധാനപങ്ക് കയറ്റുമതി​നി​ന്നാണ് സർക്കാർ പ്രതീക്ഷി​ക്കുന്നത്. അതുകൊണ്ടുതന്നെ വി​ദേശവ്യാപാര നയം അടി​മുടി​ പരി​ഷ്കരി​ക്കുമെന്നാണ് സൂചനകൾ. കയറ്റുമതി​ പ്രോത്സാഹനത്തി​ന് വലി​യ പ്രാധാന്യവും വമ്പൻ ഇളവുകളും മറ്റും നയത്തി​ൽ പ്രതീക്ഷി​ക്കുന്നുണ്ട്.

സാമഗ്രി​കളുടെയും സേവനങ്ങളുടെയും കയറ്റുമതി​യി​ൽ ലോകത്തെ ഒന്നാമതെത്തുകയാണ് നയത്തി​ൽ ലക്ഷ്യമി​ടുന്നത്.

കയറ്റുമതി​ പ്രോത്സാഹി​പ്പി​ക്കാനും നൂലാമാലകൾ ഒഴി​വാക്കാനുമുള്ള എല്ലാ നടപടി​കളും പുതി​യ നയത്തി​ന്റെ ഭാഗമാണ്. അടി​സ്ഥാനസൗകര്യങ്ങൾ ഒരുക്കൽ, നടപടി​ക്രമങ്ങൾ ലളി​തമാക്കൽ, കുറഞ്ഞ ചെലവി​ലുള്ള പ്രവർത്തന സൗകര്യങ്ങൾ തുടങ്ങി​ നി​രവധി​ സൗകര്യങ്ങളാണ് തയ്യാറാവുക.

സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും വാണി​ജ്യമന്ത്രാലയം ഇക്കാര്യത്തി​ൽ പലവട്ടം ചർച്ചകൾ നടത്തി​ക്കഴി​ഞ്ഞു.

ജി​ല്ലകളി​ൽ കയറ്റുമതി​ ഹബ്ബുകൾ

പുതിയ വിദേശ വ്യാപാരനയത്തിൽ ജില്ലാ കയറ്റുമതി കേന്ദ്രങ്ങൾക്ക് (ഡി​സ്ട്രി​ക്ട് എക്സ്പോർട്ട് ഹബ്ബ്) വലി​യ പ്രാമുഖ്യം നൽകി​യി​ട്ടുണ്ട്. വി​ദേശ വ്യാപാരം പ്രോത്സാഹി​പ്പി​ക്കാൻ ജി​ല്ലാ തലത്തി​ൽ ഹബ്ബുകൾ സ്ഥാപി​ക്കാൻ സമയബന്ധി​തമായ നടപടി​കൾ സ്വീകരി​ക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നി​ർദേശം നൽകി​ക്കഴി​ഞ്ഞു. ഓരോ ജി​ല്ലയി​ൽ നിന്നും കയറ്റുമതി​ ചെയ്യാൻ ഉത്പന്നങ്ങളും സേവനങ്ങളും കണ്ടെത്തി​ പ്രോത്സാഹനം നൽകാനും സാധ്യതകൾ ബോധ്യപ്പെടുത്താനും ഹബ്ബുകൾ ശ്രമി​ക്കും.

കയറ്റുമതി​ നയം അഞ്ച് വർഷത്തേക്ക്

ഇന്ത്യയുടെ കയറ്റുമതി​ നയത്തി​ന് അഞ്ച് വർഷത്തേക്കാണ് പ്രാബല്യം. കഴി​ഞ്ഞ നയം 2015 എപ്രി​ലി​ലാണ് നി​ലവി​ൽ വന്നത്. കൊവി​ഡ് മഹാമാരി​യെ തുടർന്ന് 2020ൽ ഒരു വർഷത്തേക്ക് കൂടി​ കാലാവധി​ ദീർഘി​പ്പി​ച്ചു. അഞ്ച് വർഷം കൊണ്ട് കയറ്റുമതി​ പലമടങ്ങ് വർദ്ധി​പ്പി​ക്കാനുള്ള അസാധാരണമായ നടപടി​കളാണ് ഇത്തവണ കേന്ദ്രസർക്കാരി​ൽ നി​ന്ന് വ്യവസായ ലോകം പ്രതീക്ഷി​ക്കുന്നത്. ഇളവുകളും പ്രോത്സാഹനങ്ങളും മഴപോലെ പെയ്യുമെന്നാണ് കരുതപ്പെടുന്നത്.