മുഷ്താഖ് അലി ട്രോഫി : മുംബയ്ക്കെതിരെ കേരളത്തിന് തകർപ്പൻ വിജയം. 37 ബോളിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി മുഹമ്മദ് അസറുദ്ദീൻ

Wednesday 13 January 2021 10:20 PM IST

മുംബയ്: സയീദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ മുബയ്‌യെ എട്ടുവിക്കറ്റിന് തകർത്ത് കേരളം. 37 ബോളിൽ അതിവേഗ സെഞ്വറി നേടിയ ഓപ്പണർ മുഹമ്മദ് അസറൂദ്ദീനാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്. 54 ബാളിൽ 11 സിക്സും 9 ബൗണ്ടറികളുമായി കളം നിറഞ്ഞാടിയ അസറുദ്ദീൻ 137 റൺസുമായി പുറത്താകാതെ നിന്നു. 197 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കേരളം 15.1 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. 33 റൺസെടുത്ത ഓപ്പണർ റോബിൻ ഉത്തപ്പയുടെയും 22 റൺസെടുത്ത ക്യാപ്ടൻ സഞ്ജു സാംസണിന്റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സച്ചിൻ ബേബി 2 റൺസുമായി പുറത്താാകാതെ നിന്നു. മുംബയ്ക്ക് വേണ്ടി തുഷാർ ദേശ് പാണ്ഡെയും മുലാനിയും ഓരോ വിക്കറ്റുകൾ വീതം നേടി.

ടോസ് നേടിയ കേരള ക്യാപ്ടൻ സഞ്ജു സാംസൺ മുംബയ്‌യെ ബാറ്റിംഗിനയക്കുകയായിരുന്നു,​ ഓപ്പണർമാരായ ഭൂപീന്ദ്ര ജെയിസ്‌വാളും ആദിത്യ താരെയും ചേ‌ർന്ന് മുംബയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാംവിക്കറ്റിൽ ഇവർ 88 റൺസ് നേടി. 9.5 ഓവറിൽ ജലജ് സക്സേനയുടെ ബൗളിംഗിൽ റോബിൻ ഉത്തപ്പയുടെ ക്യാച്ചിൽ ആദിത്യ 42 റൺസിന് പുറത്തായി. തൊട്ടുപിന്നാലെ 40 റൺസെടുത്ത ജെയ്‌സ്‌വാളും പുറത്തായി നിതീഷിനായിരുന്നു വിക്കറ്റ്. ക്യാപ്ടൻ സൂര്യ 38 റൺസ് നേടി. കേരളത്തിന് വേണ്ടി. ജലജ് സക്സേനയും ആസിഫും മൂന്നുവിക്കറ്റ് വീതവും നിതീഷ് ഒരു വിക്കറ്റും നേടി.