കൂട്ടിയ മദ്യ വില ഫെബ്രു.1 മുതൽ
തിരുവനന്തപുരം: നിലവിലുള്ള വിലയിൽ ഏഴ് ശതമാനം കൂട്ടി സംസ്ഥാനത്ത് മദ്യവില പുതുക്കി നിശ്ചയിച്ചു. ഫെബ്രുവരി ഒന്നു മുതൽ പുതിയ വില നിലവിൽ വരും. ബിയറിനും വൈനും വില കൂടില്ല.
മദ്യം ഉത്പാദിപ്പിക്കുന്ന എക്‌സ്ട്രാ ന്യൂട്രൽ ആൾക്കഹോളിന്റെ (സ്പിരിറ്റ്) വില കൂടിയതിൻെറ അടിസ്ഥാനത്തിലാണ് വില കൂട്ടിയത്. ഏഴ് ശതമാനം വില കൂടുമ്പോൾ അധികനികുതി ഉൾപ്പെടെ ലിറ്ററിന് കുറഞ്ഞത് 100 രൂപ കൂടും. മുന്തിയ ഇനം മദ്യങ്ങൾക്ക് അതിലും കൂടും.
ഏഴ് ശതമാനം കൂട്ടിയ വിലയനുസരിച്ചുള്ള സമ്മതപത്രം രണ്ട് ദിവസത്തിനുള്ളിൽ നൽകണമെന്ന് കാണിച്ച് ബെവ്‌കോ നിർമ്മാണ കമ്പനികൾക്ക് കത്തയച്ചു. സ്പിരിറ്റിൻെറ വില കൂടുന്നതിന് മുമ്പുണ്ടായിരുന്ന കരാർ അനുസരിച്ചാണ് മദ്യ കമ്പനികൾ ബെവ്കോയ്ക്ക് മദ്യം നൽകി വന്നിരുന്നത്. വില വർദ്ധിപ്പിക്കാതെ ഇനി മദ്യം നൽകാനാവില്ലെന്ന് മദ്യ കമ്പനികൾ കടുപ്പിച്ചതോടെയാണ് വില വർദ്ധിപ്പിച്ചത്.ഏഴ് ശതമാനം വർദ്ധിപ്പിക്കണമെന്ന് ബിവറേജസ് കോർപ്പറേഷൻ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.