വാക്‌സിൻ എത്തി, കുത്തിവയ്‌പിന് ഒരുനാൾ മാത്രം

Thursday 14 January 2021 12:00 AM IST

തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കാനുള്ള കൊവിഷീൽഡ് വാക്സിൻ എത്തിയതോടെ ആരോഗ്യ പ്രവർത്തകർക്ക് ആത്മവിശ്വാസത്തിൻെറ കുതിപ്പായി. കൊച്ചിയിലും തിരുവനന്തപുരത്തും വിമാനത്തിൽ എത്തിച്ച വാക്സിൻ റീജിയണൽ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് മുതൽ ജില്ലകൾക്ക് വിതരണം തുടങ്ങും.

നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്നലെ രാവിലെ 10.45 നാണ് ഗോ എയർ വിമാനത്തിൽ വാക്സിൻ കൊണ്ടുവന്നത്. തിരുവനന്തപുരത്ത് ഇൻഡിഗോ വിമാനത്തിൽ വൈകിട്ട് 6നും. തിരുവനന്തപുരത്ത് റീജിയണൽ കേന്ദ്രത്തിലും കൊച്ചിയിൽ ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ഇടപ്പള്ളിയിലെ റീജിയണൽ കേന്ദ്രം എന്നിവിടങ്ങളിലും സൂക്ഷിച്ചിരിക്കുകയാണ്. 1,80,000 വാക്‌സിൻ അടങ്ങിയ 25 പെട്ടികളാണ് നെടുമ്പാശേരിയിൽ എത്തിയത്. ഓരോ പെട്ടിയിലും 12,000 ഡോസ്.

തിരുവനന്തപുരത്ത് എത്തിയത് 1,34,000 ഡോസാണ്. കൊച്ചിയിൽ നിന്ന് 10 പെട്ടി വാക്‌സിൻ റോഡ് മാർഗം ഇന്ന് കോഴിക്കോട് എത്തിക്കും. ശീതീകരിച്ച പ്രത്യേക വാഹനങ്ങളിലാണ് വാക്‌സിൻ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റുക. കൊച്ചിയിൽ കൊണ്ടുവന്നതിൽ 1100 ഡോസ് മാഹിയിൽ എത്തിക്കും. എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും ആണ് എത്തിക്കുന്നത്.തിരുവനന്തപുരത്ത് നിന്ന് ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്ക് നൽകും. തിരുവനന്തപുരം ജില്ലയ്ക്കാവശ്യമുള്ളത് 15ന് വിതരണ കേന്ദ്രങ്ങളിലെത്തിക്കും.

വാക്സിനേഷനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. സംസ്ഥാനത്ത് 113 കേന്ദ്രങ്ങളിലാണ് കുത്തിവയ്‌പ്. 3,59,549 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. റീജിയണൽ സംഭരണ കേന്ദ്രങ്ങളിൽ വാക്‌സിൻ എത്തിയ ഉടൻതന്നെ നടപടിക്രമങ്ങൾ പാലിച്ച് ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങി.