' ഈ കൈകൾ ശുദ്ധം, ഇതൊരു പ്രത്യേക ജനുസ്സ്' : പ്രതിപക്ഷത്തിനു മേൽ മിന്നൽപ്പിണറായി
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്തിൽ ഏഴു മാസമായി സർക്കാരിനെ കടന്നാക്രമിക്കുന്ന പ്രതിപക്ഷത്തിന് നിയമസഭയിൽ എണ്ണിയെണ്ണി ചുട്ട മറുപടിയുടെ മിന്നലായി പിണറായി. "ഈ കൈകൾ ശുദ്ധമാണെന്നു പറയുന്നത് ശുദ്ധമായത് കൊണ്ടുതന്നെയാണ്. ഇക്കാര്യം ആരുടെയും മുന്നിൽ തലയുയർത്തി പറയാനുള്ള കരുത്ത് ഈ നെഞ്ചിനുണ്ട്. ഇതൊരു പ്രത്യേക ജനുസ്സാണ്. നിങ്ങൾക്ക് (പ്രതിപക്ഷത്തിന്) മനസിലാവില്ല. പണം കാണുമ്പോൾ പോരട്ടേ, പോരട്ടേ എന്നു പറയുന്നവരല്ല ഞങ്ങൾ. പ്രതിപക്ഷം ശ്രമിച്ചാൽ എന്നെ അധോലോക നായകനാക്കാനാവില്ല." കൈകൾ നീട്ടിപ്പിടിച്ച് പിണറായി പറഞ്ഞു.
സ്വർണക്കടത്തിൽ പി.ടി. തോമസ് അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന്, തോമസിനെയും പ്രതിപക്ഷത്തെയാകെയും കടന്നാക്രമിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. "പി.ടി തോമസ്, നിങ്ങൾക്ക് പിണറായി വിജയനെ മനസിലായിട്ടില്ല. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയെ പ്രതിയാക്കാൻ പല നീക്കങ്ങളും നടത്തിയിട്ടും പൂവണിഞ്ഞില്ല. ഞങ്ങളുടെ സ്ഥാനം ചവറ്റുകുട്ടയിലെന്നത് നിങ്ങളുടെ പ്രവചനമാണ്. ജനങ്ങൾ ഒരു വിധി തന്നു, അടുത്തത് നോക്കാം..."
ശിവശങ്കർ
ശിവശങ്കറിന് ഐ.എ.എസ് കിട്ടിയത് ആന്റണി സർക്കാരിന്റെ കാലത്താണ്. ഡി.പി.ഐയും ഊർജ്ജ സെക്രട്ടറിയും കെ.എസ്.ഇ.ബി ചെയർമാനുമായതും യു.ഡി.എഫ് കാലത്താണ്. അദ്ദേഹം നടത്തിയ വിദേശയാത്രകളുടെ ഉത്തരവാദിത്വം ഞാനെന്തിന് ഏറ്റെുക്കണം? ശിവശങ്കർ യു.എ.പി.എ കേസിൽ പ്രതിയായാൽ എനിക്കെതിരെയും ചുമത്തണമെന്നത് അതിമോഹമാണ്.
ലാവ്‌ലിൻ കേസ്
ലാവ്‌ലിനിൽ എന്നെ പ്രതിയാക്കാൻ നിങ്ങളെല്ലാം കുറേക്കാലം നടന്നില്ലേ? കേസ് നിലനിൽക്കില്ലെന്നു പറഞ്ഞ് കോടതി വലിച്ചെറിഞ്ഞല്ലോ. ലാവ്‌ലിനിൽ ഒത്താശ ചെയ്തത് ശിവശങ്കറാണെന്നാണ് പുതിയ കണ്ടുപിടിത്തം. കേസിൽ വാദം പൂർത്തിയായി. യാതൊരു കാര്യവുമില്ലെന്ന് കോടതി കണ്ടെത്തി. ഇതിൽ എവിടെയാണ് ശിവശങ്കറിന്റെ സഹായം?
കേസുമായി ബന്ധപ്പെട്ട് ചീഫ് വിജിലൻസ് ഓഫീസറുടെ കയ്യിലിരിക്കേണ്ട ഫയൽ ചോർത്തിയതിനുള്ള ഉപകാരസ്മരണയാണ് മുഖ്യമന്ത്രി ശിവശങ്കറിനോട് കാട്ടിയതെന്നും ശിവശങ്കറും സ്വപ്‌നയുമൊക്കെ 14 തവണ വിദേശത്തു പോയപ്പോൾ പച്ചക്കറി വാങ്ങാനാണോ പോയതെന്നു ചോദിക്കാൻ മുഖ്യമന്ത്രിക്ക് ഉളുപ്പില്ലേയെന്നുമായിരുന്നു പി.ടി. തോമസിന്റെ ചോദ്യം.
വിദേശസഹായം
ഞങ്ങളാരും നേരിട്ട് പണം വാങ്ങിയിട്ടില്ല. സർക്കാരിലേക്കു വന്നതാണ്. അതിൽ വിഹിതം
പറ്റിയിട്ടില്ല. അതിനാലാണ് തല ഉയർത്തി നിൽക്കുന്നത്.
ജയിൽ കാണിച്ച് പേടിപ്പിക്കരുത്
ജയിലിൽ കിടക്കുന്ന ആദ്യ മുഖ്യമന്ത്രിയാവും പിണറായിയെന്ന ആരോപണത്തിന് മറുപടി: കമ്മ്യൂണിസ്റ്റുകാരെ ജയിൽ കാണിച്ച് പേടിപ്പിക്കരുത്. നിങ്ങളുടെ വലിയ നേതാവിന്റെ കാലത്ത് നടുവേദനയുണ്ടാക്കാൻ പലതും ചെയ്തു. നട്ടെല്ലൊടിക്കാൻ വലിയ ശ്രമം നടന്നിട്ടുണ്ട്. ഒടിഞ്ഞുപോയിട്ടില്ല. സകല ആളുകളെയും പിടിക്കാൻ വലവീശി, ഒരു പരൽമീൻ പോലും വീണില്ല.
പി.ടി.തോമസിനെ ലക്ഷ്യം വച്ച്
റിയൽ എസ്റ്റേറ്റ് കച്ചവടം നടന്നപ്പോൾ കേന്ദ്ര ഏജൻസികൾ വരുന്നുണ്ടെന്നറിഞ്ഞ് ഓടിരക്ഷപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമല്ല.