അധികനിരക്ക് : ആരോപണം നിഷേധിച്ച് റെയിൽവെ

Saturday 16 January 2021 12:30 AM IST

കൊച്ചി: യാത്രക്കാരിൽ നിന്നും അധിക നിരക്ക് ഈടാക്കുന്നുവെന്ന പ്രചരണങ്ങൾ റെയിൽവെ നിഷേധിച്ചു.മുൻ കാലങ്ങളിലെന്ന പോലെ അവധി, ഉത്സവ സീസണോടനുബന്ധിച്ച് തിരക്ക് ഒഴിവാക്കുന്നതിന് ഇത്തവണയും പ്രത്യേക സർവീസ് ആരംഭിച്ചിട്ടുണ്ട്. 2015 മുതൽ തന്നെ ഇത്തരം ട്രെയിനുകളിലെ യാത്രാനിരക്ക് അല്പം കൂട്ടിയിരുന്നു.റെയിൽവെ എപ്പോഴും യാത്രക്കാർക്ക് കിഴിവുകൾ നൽകുന്നുണ്ട്. മറ്റു ക്ലാസ്സുകൾക്ക് പുറമേ, 2 എസ്. ക്ലാസ് കോച്ചുകൾ ധാരാളമായുള്ള ട്രെയിനുകളിൽ റിസർവ്ഡ് വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ യാത്രാനിരക്ക് ആണുള്ളത്. സ്പെഷ്യൽ നിരക്കുള്ള ട്രെയിനുകളിൽ പോലും, 2 എസ് യാത്രക്കാരിൽ നിന്ന് 15 രൂപയിൽ അധികം ഈടാക്കുന്നില്ല.

കോവിഡ് പ്രതിസന്ധി കാലയളവിലും 60 ശതമാനം മെയിൽ, എക്‌സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തി. ഈ പ്രത്യേക ട്രെയിനുകളിൽ 77 ശതമാനത്തിലും സാധാരണ യാത്രാനിരക്ക് ആയിരുന്നു. 1058 മെയിൽ,എക്‌സ്‌പ്രസ് ട്രെയിനുകൾ, 4807 സബർബൻ സർവീസുകൾ, 188 പാസഞ്ചർ സർവീസുകൾ എന്നിവ നിലവിൽ ദിനംപ്രതി സർവീസ് നടത്തുന്നുണ്ടെന്ന് റെയിൽവെ അധികൃതർ അറിയിച്ചു