ബഡായി ബഡ്ജറ്റ്: ചെന്നിത്തല

Saturday 16 January 2021 12:46 AM IST

തിരുവനന്തപുരം: മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത് ബഡായി ബഡ്‌ജറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പാക്കാനായതു കൊണ്ടാണ് അപ്രായോഗികമായ ബഡ്ജറ്റ് അവതരിപ്പിച്ച് നിയമസഭയുടെ മുന്നേകാൽ മണിക്കൂർ പാഴാക്കിയത്.

വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയാണ് ധനമന്ത്രി. എൽ.ഡി.എഫ് പ്രകടന പത്രികയിൽ 25 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞത് നടന്നില്ല. ഇപ്പോൾ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. റബറിന് യു.ഡി.എഫ് പ്രഖ്യാപിച്ച 150 രൂപ തറവിലയിൽ നിന്ന് 20 രൂപ മാത്രമാണ് കൂട്ടിയത്. മുൻകാലങ്ങളിലേതുപോലെ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചത് നടപ്പാക്കാതിരിക്കാനാണ്. കുട്ടനാട് പാക്കേജ്, ഇടുക്കി പാക്കേജ് എന്നിവ പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നില്ല. മത്സ്യത്തൊഴിലാളികൾക്ക് 10000 വീട് നൽകുമെന്ന പ്രഖ്യാപനം ആവർത്തിച്ചിരിക്കുകയാണ്. ലാപ്‌ടോപ്പ് നൽകുമെന്നും വ്യവസായ ഇടനാഴി നടപ്പാക്കുമെന്നും പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കെ.എം. മാണിയുടെ റെക്കാഡ് തിരുത്താൻ ദീർഘപ്രസംഗം നടത്തിയതല്ലാതെ ബഡ്ജറ്റിൽ ഒന്നുമില്ലെന്നും ഭിന്നശേഷിക്കാരെ മറന്നുവെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ പറഞ്ഞു.