മൂന്നാറിൽ ട്രെയിൻ ഓടിക്കും, ഭൂമി ടാറ്റ നൽകും

Saturday 16 January 2021 1:41 AM IST

തിരുവനന്തപുരം: വിനോദ സഞ്ചാരം മുൻനിറുത്തി മൂന്നാറിലെ ട്രെയിൻ സർവീസ് പുനരുജ്ജീവിപ്പിക്കുമെന്ന് ബഡ്‌ജറ്റിൽ പ്രഖ്യാപനം. മൂന്നാർ പട്ടണത്തിന്റെ തുടക്കം മുതൽ ട്രെയിനിനും സ്ഥാനമുണ്ടായിരുന്നു. വിനോദ സഞ്ചാരികളുടെ കൗതുകത്തിനായാണ് ട്രെയിൻ വീണ്ടും തുടങ്ങുക. ഭൂമി നൽകാൻ ടാറ്റ എസ്റ്റേറ്റ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ഐസക് പറഞ്ഞു.

വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിക്കുമെന്നും ടൂറിസത്തെ ബ്രാൻഡ് ചെയ്ത് പ്രചരിപ്പിക്കാൻ നൂറു കോടി അനുവദിക്കുന്നതായും മന്ത്രി പ്രഖ്യാപിച്ചു.

 കൊവിഡ് തകർത്ത ടൂറിസം മേഖല ഇക്കൊല്ലം സാധാരണ നിലയിലാവും. ഇതിനായി മാർക്കറ്റിംഗ് ഊർജ്ജിതമാക്കി. 25കോടി അധികമായി നൽകും.

 ഹെറിറ്റേജ് സ്പൈസ് റൂട്ട് പ്രോജക്ടുകളിലാണ് ഊന്നൽ. മുസിരിസ്, ആലപ്പുഴ, തലശേരി പൈതൃക പദ്ധതികളിൽ തിരുവനന്തപുരവും കോഴിക്കോടും ഭാഗമാവും. ഇതിനായി നാല് കോടി

 മുസിരിസ് പദ്ധതിപ്രദേശത്തേക്ക് പഠന ടൂറുകൾ പ്രോത്സാഹിപ്പിക്കാൻ അഞ്ച് കോടി

ടൂറിസം പശ്ചാത്തല വികസനത്തിന് 117കോടി. ഗസ്റ്റ്ഹൗസ് നവീകരണത്തിന് 25കോടി. സ്വകാര്യമേഖലയിലെ പൈതൃക വാസ്തുശിൽപ്പ സംരക്ഷണത്തിന് 13കോടി

 ചാമ്പ്യൻസ് ബോട്ട് ലീഗ് പുനരാരംഭിക്കാൻ 20കോടി. കൊച്ചി ബിനാലെയ്ക്ക് ഏഴ് കോടി. ആലപ്പുഴ ചിത്രപ്രദർശനത്തിന് രണ്ടുകോടി. മറ്റ് സാംസ്കാരിക മേളകൾക്ക് പത്ത് കോടി.