25ചതുരശ്ര അടിയിൽ കൊച്ചുവീട്!!
കൗതുകം നിറയ്ക്കുന്ന ഒട്ടനേകം വസ്തുക്കൾ നമ്മുക്ക് ചുറ്റും കാണാൻ കഴിയും. അത്തരത്തിൽ ഒരു കൗതുക വീടിന്റെ കാഴ്ചകളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 25 സ്ക്വയർ ഫീറ്റിൽ ഒരുങ്ങിയ ഒരു മുറി വീടാക്കി. അത്യാവശ്യത്തിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഉള്ളതിനാൽ ഒരു കൊച്ചുവീട് എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം. ലോകത്തിലെ ഏറ്റവും ചെറിയ വീടായി കരുതുന്ന ഈ മുറിയ്ക്ക് നിരവധി സവിശേഷതകളുണ്ട്. യൂട്യൂബറായ റയാൻ ട്രഹാനാണ് ലോകത്തിലെ ഏറ്റവും ചെറിയ മുറിയെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. 25 സ്ക്വയർ ഫീറ്റ് മാത്രമുള്ള മുറിയിൽ താമസിച്ചതിന്റെ വീഡിയോയാണ് റയാൻ പങ്കുവച്ചിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറാണ് റയാൻ ഇവിടെ താമസിച്ചത്. റയാനെ കാണാനായി അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കൾ ഇവിടെ എത്തുന്നതും അവർ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും എല്ലാം വീഡിയോയിൽ കാണാൻ കഴിയും. ഈ ചെറിയ മുറിയിൽ അത്യാവശ്യത്തിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്. ഒരു ടോയ്ലറ്റ്, ജനാലകൾ, സ്റ്റവ്, വെള്ളം തുടങ്ങിയവയൊക്കെ ഉണ്ട് ഈ കൊച്ചുമുറിയിൽ. ചക്രങ്ങൾ ഘടിപ്പിച്ച രീതിയിലാണ് ഇതിന്റെ നിർമ്മിതി. അതിനാൽ ആവശ്യാനുസരണം ഇത് നീക്കാനും സാധിക്കും. ലോകത്തിലെ ഏറ്റവും ചെറിയ വീടെന്ന ലക്ഷ്യത്തോടെയാണ് ഈ മുറി ഒരുക്കിയിരിക്കുന്നത്. അതേസമയം ആർഭാടങ്ങളും ആഢംബരങ്ങളും നിറഞ്ഞ വലിയ വീടുകൾ പണിതുയർത്തുന്നവർ കാണണം ഇത്തരം വീടുകൾ എന്നാണ് ഈ വീഡിയോ കണ്ട മിക്കവരും കമന്റ് ചെയ്തിട്ടുള്ളത്. ഇത്രയും ചെറിയ വീട്ടിൽ താമസിച്ചു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് പറയുന്നവരും നിരവധിയാണ്.