സാമ്പത്തിക ക്രമക്കേട് ആരോപണം; കെ എസ് ആർ ടി സി എക്‌സിക്യൂട്ടീവ് ഡയറക്‌ടറെ സ്ഥലംമാ‌റ്റി

Saturday 16 January 2021 4:56 PM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ 2012-15 കാലത്ത് നൂറ് കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് സി.എം.ഡി ബിജു പ്രഭാകർ വ്യക്തമാക്കിയ അന്നത്തെ അക്കൗണ്ട്സ് മാനേജർ ശ്രീകുമാറിനെതിരെ അച്ചടക്ക നടപടി. നിലവിൽ കെ.എസ്.ആർ.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ ഇദ്ദേഹത്തെ എറണാകുളത്തേക്കാണ് സ്ഥലംമാ‌റ്റിയത്. ക്രമക്കേടിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ രണ്ടാമത്തെയാൾ മറ്റൊരു എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ ഷറഫാണ്.

കെ.എസ്.ആർ.ടി.സിയിൽ വൻ പ്രതിസന്ധിയാണെന്നും ടിക്ക‌റ്റ് മെഷീനിലും വർക്‌ഷോപ്പ് സാമഗ്രികൾ വാങ്ങുന്നതിലും വെട്ടിപ്പ് നടത്തിയെന്നും സി.എൻ.ജിയെ എതിർക്കുന്നത് ഡീസൽ വെട്ടിപ്പ് തുടരാനാണെന്നും കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ നേരത്തെ അറിയിച്ചിരുന്നു. ബിജു പ്രഭാകറിന്റെ പ്രസ്‌താവനയ്‌ക്കെതിരെ വലത് ഇടത് ട്രേഡ് യൂണിയൻ സംഘടനകളായ ഐ.എൻ.ടി.യു.സിയും സി.ഐ.ടി.യുവും പ്രതിഷേധിച്ചു.

തൊഴിലാളികളെ പൊതുസമൂഹത്തിന് മുന്നിൽ അവഹേളിക്കാനാണ് എം.ഡിയുടെ ശ്രമമെന്ന് സി.ഐ.ടി.യു അഭിപ്രായപ്പെട്ടു. അനുചിതമായ പ്രസ്‌താവനയാണ് എം.ഡിയുടേതെന്ന് എളമരം കരീം അഭിപ്രായപ്പെട്ടു. ഐ.എൻ.ടി.യു.സിയുടെ സംഘടനയായ ടിഡിഎഫ് തമ്പാനൂർ ബസ്‌സ്‌റ്റാന്റിൽ നിന്ന് ട്രാൻസ്‌പോർട്ട് ഭവനിലേക്ക് ബിജു പ്രഭാകറിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. കെഎസ്ആർടിസിയുടെ ആസ്ഥാനം അടക്കം വി‌റ്റവരാണ് തൊഴിലാളികളെ കു‌റ്റംപറയുന്നതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.