തീർത്ഥാടന സർക്യൂട്ട്: ശിവഗിരിയിൽ ഭൂമിപൂജ നാളെ
ശിവഗിരി: കേന്ദ്രഗവൺമെന്റ് സ്വദേശിദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന ശിവഗിരി തീർത്ഥാടന സർക്യൂട്ടുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭൂമിപൂജ നാളെ രാവിലെ 10ന് ശിവഗിരിയിൽ നടക്കും. ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും പ്രവർത്തനവുമായി ബന്ധപ്പെട്ട അരുവിപ്പുറം, കുന്നുംപാറ, ചെമ്പഴന്തി, ശിവഗിരി എന്നീ പുണ്യസങ്കേതങ്ങളെ ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട തീർത്ഥാടന സർക്യൂട്ട്. 70 കോടിയോളം രൂപയാണ് നിർമ്മാണച്ചെലവ്. അരുവിപ്പുറത്ത് 15.41, കുന്നുംപാറയിൽ 9.35, ചെമ്പഴന്തിയിൽ 3.69, ശിവഗിരിയിൽ 41.02 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. അരുവിപ്പുറത്തും കുന്നുംപാറയിലും ചെമ്പഴന്തിയിലും ഭൂമിപൂജ ഏതാനും ദിവസം മുമ്പ് നടന്നിരുന്നു. ശിവഗിരിയിൽ ടൂറിസ്റ്റ് ഫെലിസിറ്രേഷൻ സെന്റർ, ക്രാഫ്റ്റ് ബസാർ, ടോയ്ലറ്റ് ബ്ലോക്ക്, ഡൈനിംഗ്ഹാൾ, കിച്ചൺ, പാർക്കിംഗ് ഏരിയ, ബസ് ഷെൽട്ടർ, റെയിൻ ഷെൽട്ടർ, വാട്ടർ കിയോസ്ക്, ഇലക്ട്രിക് കാർ, സോളാർ പ്ലാന്റ്, ഇലക്ട്രിഫിക്കേഷൻ, ലൈറ്റ് ആൻഡ് സൗണ്ട് ഷോ നിർമ്മിതികളാണ് തുടങ്ങുന്നത്.