ഇടഞ്ഞ ആന പാപ്പാനെ അടിച്ചു കൊന്നു, സംഭവം നെയ്യാറ്റിൻകരയിൽ

Sunday 17 January 2021 12:46 AM IST

മരിച്ച വിഷ്ണു ആനയ്ക്കൊപ്പം

നെയ്യാറ്റിൻകര: ഫോട്ടോ എടുക്കുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നു. ഒന്നാം പാപ്പാനും കൊട്ടാരക്കര സ്വദേശിയുമായ വിഷ്ണുവാണ് (27) മരിച്ചത്. നെയ്യാറ്റിൻകര കരിയിലകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലെ പശ്ചിമ മേഖലാകമ്മിറ്റിയുടെ വക ഗൗരി നന്ദനൻ എന്ന ആനയാണ് ഇന്നലെ വൈകുന്നേരം 5.30ന് പാപ്പാനെ അടിച്ചുകൊന്നത്.

ക്ഷേത്ര വളപ്പിൽ തളയ്ക്കാതെ നിറുത്തിയിരുന്ന ആനയെ കാണാനെത്തിയ ചെറുപ്പക്കാർ മൊബൈലിൽ ആനയുടെ ഫോട്ടോ എടുക്കുന്നതിനിടെയാണ് സംഭവം.മൊബൈലിന്റെ ഫ്ലാഷ് കണ്ണിൽ പതിച്ച് തല കുനിച്ചു നിന്ന ആനയോട് തല ഉയർത്താൻ ആജ്ഞാപിച്ച പാപ്പാൻ തോട്ടി കൊണ്ട് കുത്തി വലിച്ചതാണ് പ്രകോപനമായത്. പാപ്പാനെ തുമ്പി കൈയിൽ തൂക്കി ആഞ്ഞ് അടിക്കുകയായിരുന്നു. നിലത്തുവീണ പാപ്പാൻ ഒഴിഞ്ഞു മാറിയെങ്കിലും പിന്നാലെ ചെന്ന് ചുമരിൽ ചേർത്ത് ഞെരുക്കി.അബോധാവസ്ഥയിൽ വീണ പാപ്പാനെ നാട്ടുകാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആന ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങൾ തകർത്തശേഷം അര കിലോമീറ്ററോളം സഞ്ചരിച്ച് ഒരു വീട്ടുവളപ്പിൽ നിന്നു. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരും എലിഫന്റ് സ്‌ക്വാഡും രണ്ടാം പാപ്പാനായ സജീവും ചേർന്നാണ് സമീപത്തെ മരത്തിൽ തളച്ചത്.