കുറ്റപത്രം ചോദ്യംചെയ്ത് ശിവശങ്കർ, ഹർജി മാറ്റി

Sunday 17 January 2021 12:23 AM IST

കൊച്ചി: സ്വർണക്കടത്തു കേസിൽ സർക്കാരിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി വാങ്ങാതെ തനിക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിന് നിയമ സാധുത ഇല്ലെന്ന് വാദിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജനുവരി 19ന് പരിഗണിക്കാൻ മാറ്റി.

സുപ്രീംകോടതി അഭിഭാഷകൻ ഹാജരാകാൻ കേസ് മാറ്റിവെക്കണമെന്ന് ശിവശങ്കറും അഡി. സോളിസിറ്റർ ജനറൽ ഹാജരാകാൻ സമയം വേണമെന്ന് ഇ.ഡിയും ആവശ്യപ്പെട്ടതനുസരിച്ചാണ് ഹർജി മാറ്റിയത്. ഡിസംബർ 24നാണ് കുറ്റപത്രം നൽകിയത്. മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളിൽനിന്ന് പിടിച്ചെടുത്ത ഒരുകോടിരൂപ ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിന് ലഭിച്ച കൈക്കൂലിയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ നാലുപ്രകാരം ഏഴുവർഷംവരെ തടവുലഭിക്കുന്ന കുറ്റമാണ്. സസ്പെൻഷനിലാണെങ്കിലും സർക്കാർ ഉദ്യോഗസ്ഥനാണെന്നും പ്രോസിക്യൂഷൻ അനുമതി വേണമെന്നുമാണ് ശിവശങ്കറിന്റെ വാദം. തിടുക്കത്തിൽ സമർപ്പിച്ച കുറ്റപത്രം അപൂർണമാണെന്നും സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും ഹർജിയിൽ പറയുന്നു.