കെ എസ് ആർ ടി സിയിലെ 100കോടിയുടെ തട്ടിപ്പ്: പിടിമുറുക്കി ബിജുപ്രഭാകർ, വിജിലൻസ് അന്വേഷണത്തിനുളള ശുപാർശ ഉടൻ, സ്വന്തം വിജിലൻസ് വേണ്ടെന്നും നിലപാട്
തിരുവനന്തപുരം: കെ എസ് ആർ ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് സി എം ഡി ശുപാർശ ചെയ്യും. എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാറിന്റെ വിശദീകരണത്തിന് ശേഷമായിരിക്കും തുടർ നടപടികൾ. ക്രമക്കേടുകൾ കെ എസ് ആർ ടിസിയുടെ വിജിലൻസ് വിഭാഗം അന്വേഷിക്കേണ്ടെന്നാണ് സി എം ഡി ബിജുപ്രഭാകറിന്റെ നിലപാട്. കെ എസ് ആർ ടിസി വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണത്തിനെതിരെ നേരത്തേയും പരാതികൾ ഉയർന്നിരുന്നു. പോക്സോ കേസിൽ റിമാൻഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ച എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം. ഷറഫ് മുഹമ്മദിനെതിരെയും നടപടിയുണ്ടാകും. ഇയാൾക്ക് കഴിഞ്ഞദിവസം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
കഴിഞ്ഞദിവസം സി എം ഡി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു 2012 - 2015 കാലയളവിൽ 100 കോടിരൂപ കണക്കിൽ കാണിച്ചിട്ടില്ലെന്ന് തുറന്നുപറഞ്ഞത്. കൂടുതൽ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്നും കെ എസ് ആർ ടിസിയിൽ അടിമുടി അഴിച്ചുപണി ആവശ്യമെണെന്നും ബിജു പ്രഭാകർ പറഞ്ഞു.ടിക്കറ്റ് മെഷീനിൽ ഉൾപ്പടെ കൃത്രിമം കാട്ടി വൻ തുക കൊള്ളയടിക്കുന്നതായി കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സ്ഥാപനത്തിലെ പത്തുശതമാനത്തോളം പേർ മാത്രമാണ് കുഴപ്പക്കാരെന്ന് ബിജു പ്രഭാകർ വ്യക്തമാക്കിയെങ്കിലും അദ്ദേഹത്തിനെതിരെ തൊഴിലാളി സംഘടനകൾ രംഗത്തു വന്നു.നേരത്തേ അക്കൗണ്ടിംഗ് വിഭാഗത്തിന്റെ മേധാവിയായിരിക്കുകയും നിലവിൽ പെൻഷൻ ആൻഡ് ഓഡിറ്റ് വിഭാഗത്തിന്റെ ചുമതല വഹിക്കുകയും ചെയ്യുന്ന എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാറിനെ അന്വേഷണത്തിന്റെ ഭാഗമായി സെൻട്രൽ സോണിലേക്ക് (എറണാകുളം) സ്ഥലം മാറ്റി. അവിടെ ഓപ്പറേഷൻ ചുമതല നൽകിയിട്ടില്ല. ശ്രീകുമാറിനെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് ബിജു പ്രഭാകർ പറഞ്ഞു.
2012-15 കാലഘട്ടത്തിൽ ശ്രീകുമാറിനായിരുന്നു അക്കൗണ്ടിംഗ് വിഭാഗത്തിന്റെ ചുമതല. കെ.എസ്.ആർ.ടി.സിക്ക് നൽകിയ വായ്പയിൽ 350 കോടി രൂപ തിരികെ അടച്ചിട്ടില്ലെന്ന് ഏറെക്കാലമായി കെ.ടി.ഡി.എഫ്.സി പരാതിപ്പെടുന്നുണ്ട്. ഇതേ തുടർന്ന് ഭരണസമിതി അംഗമായ അഡി. സെക്രട്ടറി എസ്. അനിൽകുമാർ നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് 100 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്.അതേസമയം വാർത്താസമ്മേളനത്തിൽ തൊഴിലാളി വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് തൊഴിലാളി സംഘടനകൾ പ്രതിഷേധിച്ചു. ഭരണാനുകൂല സംഘടനകൾക്കും എം.ഡിക്കെതിരെ കടുത്ത പ്രതിഷേധമുണ്ട്.
അതേസമയം, മന്ത്രിമാരായ തോമസ് ഐസക്, എ.കെ.ശശീന്ദ്രൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ബിജു പ്രഭാകർ വാർത്താസമ്മേളനം നടത്തിയത്. കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാനാണ് എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതു മുതൽ ശ്രമിച്ചുവരുന്നത്. ഈ സർക്കാരിന്റെ കാലത്തെ ആറാമത്തെ മാനേജിംഗ് ഡയക്ടറാണ് ബിജു പ്രഭാകർ.