കുട്ടികളെ പഠിപ്പിക്കുന്നതും ഇത്തരം ഭാഷയിലാണോ? വിതച്ചതല്ലേ കൊയ്യൂ; കോളേജ് അദ്ധ്യാപികയുടെ 'കമന്റിന്' മറുപടിയുമായി ജലീൽ
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനവുമായി കോളേജ് അദ്ധ്യാപിക. 'ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 3000 കോടി. വൈജ്ഞാനിക വിസ്‌ഫോടനത്തിന് കാതോർത്ത് കേരളം' എന്ന തലക്കെട്ടിൽ മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയുള്ള കമന്റ് ബോക്‌സിലാണ് അദ്ധ്യാപിക വിമർശനവുമായെത്തിയത്.
മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയെ നശിപ്പിച്ചെന്നും, പഴയ നിരക്കിൽ ശമ്പളം വാങ്ങേണ്ടി വരുന്നത് മന്ത്രിയുടെ കഴിവുകേടാണെന്നുമൊക്കെയാണ് വിമർശനം. കമന്റുകൾ ശ്രദ്ധയിൽപ്പെട്ട് മന്ത്രി അതിന് മറുപടിയും നൽകിയിട്ടുണ്ട്.
'അസിസ്റ്റന്റ് പ്രൊഫസർക്ക് കുറച്ചുകൂടെ മാന്യതയാകാം. കുട്ടികളെ പഠിപ്പിക്കുന്നതും ഇത്തരം ഭാഷയിലാണോ? വിതച്ചതല്ലേ കൊയ്യൂ' എന്നാണ് മന്ത്രി നൽകിയ മറുപടി. എന്നാൽ താൻ പറഞ്ഞതിൽ വസ്തുതാ വിരുദ്ധമായി എന്തെങ്കിലുമുണ്ടോ എന്ന് അദ്ധ്യാപിക മന്ത്രിയുടെ കമൻറിന് മറുപടിയായി ചോദിക്കുന്നുണ്ട്.