സിയാൽ ഗോൾഫ് തടാകത്തിൽ ഒഴുകുന്ന സോളാർ പ്ളാന്റ്

Monday 18 January 2021 3:07 AM IST

 രാജ്യത്താദ്യമായി ഫ്രഞ്ച് സാങ്കേതികവിദ്യ
 ചെലവ് കുറവ്, ഉത്പാദനക്ഷമത കൂടുതൽ


നെടുമ്പാശേരി: ലോകത്തെ ആദ്യ സമ്പൂർണ സൗരോ‌ജ വിമാനത്താവളമായ കൊച്ചി വിമാനത്താവളത്തിന്റെ (സിയാൽ) പെരുമയിൽ പുതിയൊരു പൊൻതൂവലായി ഒഴുകുന്ന (ഫ്ളോട്ടിംഗ്) സൗരോർജ പ്ളാന്റ്. സിയാൽ ഗോൾഫ് കോഴ്‌സിലെ രണ്ടു തടാകങ്ങളിലായി ഒരേക്കർ വിസ്തൃതിയിൽ പ്ളാന്റ് പ്രവർത്തനം ആരംഭിച്ചു. 452 കിലോവാട്ടാണ് സ്ഥാപിതശേഷി.

ഇതോടെ സിയാലിലെ മൊത്തം സൗരോർജ ഉത്പാദനശേഷി 40 മെഗാവാട്ടായി. ഇന്ത്യയിൽ ആദ്യമായി, പുതിയ ഫ്രഞ്ച് സാങ്കേതികവിദ്യയോടെ വികസിപ്പിച്ച ഹൈ ഡെൻസിറ്റി പോളിഎഥലീൻ പ്രതലങ്ങളിലാണ് പാനലുകൾ. സിയെൽ ടെറ കമ്പനിയുടെ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. രണ്ടുകോടി രൂപയാണ് ചെലവ്. തറയിൽ ഘടിപ്പിക്കുന്നവയേക്കാൾ കാര്യക്ഷമമാണ് ഫ്ളോട്ടിംഗ് പാനലുകൾ.

പരിസ്ഥിതി സംരക്ഷണത്തിനും കാർബൺ മാലിന്യം കുറയ്ക്കാനും സിയാൽ പ്രതിജ്ഞാബദ്ധമാണെന്ന് മാനേജിംഗ് ഡയറക്‌ടർ വി.ജെ. കുര്യൻ പറഞ്ഞു. വൻകിട ഊർജ ഉപഭോക്താക്കളായ വിമാനത്താവളങ്ങൾക്കും ഹരിതോർജം ഉപയോഗിക്കാനാകുമെന്ന് തെളിയിച്ചതിന്, യു.എന്നിന്റെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ 'ചാമ്പ്യൻസ് ഒഫ് എർത്ത്" സിയാലിന് ലഭിച്ചിരുന്നു.
130 ഏക്കറിലെ ഗോൾഫ് കോഴ്‌സ് സിയാൽ സമ്പൂർണ സുസ്ഥിര മാനേജ്‌മെന്റ് പദ്ധതിയനുസരിച്ചാണ് പരിപാലിക്കുന്നത്. വിമാനത്താവളത്തിലെ മലിനജലം ശുദ്ധീകരിച്ച് ജലസംഭരണികളായ തടാകങ്ങളിലെത്തും. ഇതാണ് പുൽത്തകിടി നനയ്ക്കാൻ ഉപയോഗിക്കുന്നത്. 12 തടാകങ്ങൾ സിയാൽ ഗോൾഫ് കോഴ്‌സിലുണ്ട്.

സിയാലും സൗരോർജവും

നിലവിൽ 1.6 ലക്ഷം യൂണിറ്റ് വൈദ്യുതി സിയാൽ സൗരോർജ പ്ലാന്റുകൾ ഒരുദിവസം ഉത്പാദിപ്പിക്കുന്നു. 1.3 ലക്ഷം യൂണിറ്റാണ് പ്രതിദിന ഉപഭോഗം. പയ്യന്നൂരിൽ 12 മെഗാവാട്ട് പദ്ധതിയുടെ പണി നടക്കുന്നു.

 ഫോട്ടോ:

സിയാൽ ഗോൾഫ് കോഴ്‌സിലെ തടാകങ്ങളിലെ ഫ്ളോട്ടിംഗ് സൗരോർജ പ്ളാന്റ്