കാംകോയെ വലച്ച് പരിഷ്കാരം; ഉത്പാദനം പാതിയായി

Monday 18 January 2021 3:10 AM IST

നെടുമ്പാശേരി: പുത്തൻ പരിഷ്‌കാരങ്ങളിൽ നട്ടംതിരിഞ്ഞ് കൃഷിവകുപ്പിന് കീഴിലെ കേരള അഗ്രോ മെഷീണറി കോർപ്പറേഷൻ (കാംകോ). സംസ്ഥാന സർക്കാരിന്റെ വ്യവസ്ഥപാലിച്ച് സാധനസാമഗ്രികൾക്ക് ഇ-ടെൻഡർ വിളിക്കണമെന്ന നിർദേശമാണ് വിനയായത്.

ഇതോടെ, സ്‌പെയർപാർട്സുകൾക്കും മറ്റും ദൗർലഭ്യമായി; കമ്പനിയുടെ ഉത്‌പാദനവും പാതിയായി. തുടർച്ചയായ 38 വർഷമായി ലാഭത്തിലുള്ള സ്ഥാപനമാണ് പ്രതിസന്ധിയിലായത്. ഇ-ടെൻഡറിനുള്ള സാങ്കേതിക ബുദ്ധിമുട്ട് സർക്കാരിനെ അറിയിച്ച മാനേജ്‌മെന്റ്, ഇതുസംബന്ധിച്ച പ്രത്യേക വ്യവസ്ഥ തയ്യാറാക്കി രണ്ടുവർഷം മുമ്പ് സർക്കാരിന് സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല.

ടില്ലർ നിർമ്മാണത്തിനുള്ള സ്‌പെയർ പാർട്സുകൾ പ്രത്യേക മാതൃക അനുസരിച്ച് നിർമ്മിക്കേണ്ടതും ഗുണനിലവാരം പുലർത്തേണ്ടതുമാണ്. നടപ്പുവർഷം ലക്ഷ്യമിട്ട 15,000 പവർടില്ലറിന്റെ ഉത്പാദനം നിലവിൽ പാതിയാണ്. നടപ്പുവർഷം അവസാനിച്ചാലും ഇത് 10,000 കടന്നേക്കില്ല. മാള യൂണിറ്റിൽ റീപ്പർ ഉത്പാദനലക്ഷ്യം 4,000 ആണെങ്കിലും 1,500ലാണ് എത്തിയത്.

ഉത്പാദനഘടകങ്ങൾ പ്രത്യേക രൂപകല്പന വേണ്ടതും നൽകുന്ന കമ്പനികൾ ഇതിനായി ടൂൾ - ടിക് നിർമ്മിക്കേണ്ടതുമാണെന്ന് സി ആൻഡ് എ.ജിയെ ബോദ്ധ്യപ്പെടുത്തിയിരുന്നു. തുടർന്ന്, പ്രത്യേക പർച്ചേസ് നിയമം രൂപീകരിക്കാൻ സി ആൻഡ് എ.ജി ശുപാർശ ചെയ്തെങ്കിലും ഇതിനെതിരായ പ്രചാരണങ്ങൾ ഇ-ടെൻഡർ നടപ്പാക്കാൻ കമ്പനിയെ നിർബന്ധിതമാക്കി.

ഇതോടെ, ചില അംഗീകൃത വിതരണക്കാർ വിട്ടുപോയി. ഇ-ടെൻഡർ വഴിയെത്തിയ വിതരണക്കാർ സമയത്ത് ഘടകങ്ങൾ എത്തിക്കുന്നുമില്ല; വൻ വിലയും ആവശ്യപ്പെടുന്നു. കമ്പനിയുടെ പ്രവർത്തനരീതി പരിഗണിക്കാതെ സർക്കാർ വ്യവസ്ഥകൾ മാത്രം പരിഗണിച്ച് നിലനിൽക്കാനാകാത്ത സ്ഥിതിയാണുള്ളത്.

ഉത്പാദനം

ടില്ലർ, പവർ ടില്ലർ,ഗാർഡൻ ടില്ലർ, പമ്പ് സെറ്റ്, ബ്രഷ് കട്ടർ

പ്രതിവർഷ ഉത്പാദനം

12,000 പവർ ടില്ലറും 3000 പവർ റീപ്പറും

യൂണിറ്റുകൾ

അത്താണി, കളമശേരി, പാലക്കാട്, മാള, കണ്ണൂർ

ജീവനക്കാർ

700