സപ്ലൈകോ അസി. സെയിൽസ്‌മാൻ : താത്കാലികക്കാരെ സ്ഥിരമാക്കാൻ നീക്കം

Monday 18 January 2021 12:02 AM IST

മാള: സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്‌മാൻ തസ്‌തികകളിൽ പി.എസ്.സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളെ തഴഞ്ഞ് താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം.

പത്ത് വർഷത്തിന് മുകളിൽ ജോലി ചെയ്യുന്ന താൽക്കാലികക്കാരുടെ പട്ടിക സമർപ്പിക്കാൻ 2020 ഡിസംബർ 29ന് വകുപ്പ് സെക്രട്ടറിയും ജനുവരി 4ന് സപ്ലൈകോ സി. എം. ഡിയും നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ താൽക്കാലികക്കാരുടെ എണ്ണം മടക്കത്തപാലിൽ ആവശ്യപ്പെട്ട് അഡിഷണൽ ജനറൽ മാനേജ‍ർ ജനുവരി 6 ന് ഡിവിഷൻ മേധാവികൾക്കും മേഖലാ മാനേജർമാർക്കയച്ച ഉത്തരവാണ് റാങ്ക് ലിസ്റ്റിലുള്ളവരെ ആശങ്കയിലാക്കുന്നത്.

തുടക്കത്തിൽ ആയിരം സപ്ലൈകോ ശാലകളിൽ 2,100 അസിസ്റ്റന്റ് സെയിൽസ്‌മാൻ തസ്തികകളായിരുന്നു. ഔട്ട്‌ലെറ്റുകൾ1,600ഓളം ആയതോടെ തസ്‌തികകൾ 3,000 കടന്നു. ഒരു ഔട്ട്‌ലെറ്റിൽ ശരാശരി രണ്ട് തസ്തികകളാണ്. മൊത്ത സംഭരണ കേന്ദ്രങ്ങളിൽ 151 ഒഴിവുകളായിരുന്നു. ആദ്യ റാങ്ക് പട്ടികയിലെ കുറച്ചു പേരെ മാത്രമാണ് നിയമിച്ചത്. ഇപ്പോൾ മൂന്ന് ഡെപ്യൂട്ടേഷൻകാർ ഉൾപ്പെടെ 1,586 പേരാണ് സ്ഥിരം നിയമനത്തിൽ ജോലി ചെയ്യുന്നത്.
ഇനി 612 ഒഴിവുകളാണ് നികത്താനുള്ളതെന്ന് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പറയുന്നു. അതായത് എണ്ണൂറോളം തസ്‌തികകളിൽ താൽക്കാലികക്കാരാണുള്ളത്.

നിയമനത്തിന് മുഖ്യമന്ത്രിക്കും ഗവർണർക്കും മറ്റും നിവേദനം നൽകി കാത്തിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ.

റാങ്ക് പട്ടികയും നിയമനവും

തിരുവനന്തപുരം - 386 (117)

കൊല്ലം - 455 (126)

പത്തനംതിട്ട - 393 (56)

ആലപ്പുഴ - 397 (119)

കോട്ടയം - 391 (83)

ഇടുക്കി - 393 (41)

എറണാകുളം - 591 (135)

തൃശൂർ - 497 (91)

പാലക്കാട് - 510 (83)

മലപ്പുറം - 499 (97)

കോഴിക്കോട് - 405 (130)

വയനാട് - 193 (39)

കണ്ണൂർ - 492 (76)

കാസർകോട് - 243 (54)


റാങ്ക് പട്ടിക വന്നിട്ട് രണ്ടര വർഷം കഴിഞ്ഞു. പുതിയ വിൽപ്പന ശാലകളിലെ ഒഴിവുകളിലേക്കും ഈ ലിസ്റ്റിലുള്ളവരെ പരിഗണിക്കണം.

- ടി.എസ്. റഷീദ, റാങ്ക് ഹോൾഡേഴ്‌സ് അസോ.. തൃശൂർ ജില്ലാ പ്രസിഡന്റ്