ഉന്നത വിദ്യാഭ്യാസത്തെ നശിപ്പിച്ചെന്ന് അദ്ധ്യാപിക; പരിഹസിച്ച് മന്ത്രി ജലീൽ
തിരുവനന്തപുരം: ഇടത് സർക്കാർ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ നേട്ടമുണ്ടാക്കിയെന്നും, ബഡ്ജറ്റിൽ ലഭിച്ച 3000 കോടിയിലൂടെ ഉന്നത വിദ്യാഭ്യാസ രംഗം അന്തർദേശീയ നിലവാരത്തിലെത്തുമെന്നും വിവരിച്ച് മന്ത്രി കെ.ടി ജലീലിന്റ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രി ജലീൽ ഉന്നത വിദ്യാഭ്യാസ മേഖലയെ നശിപ്പിച്ചതായി ആരോപിച്ച് പിന്നാലെ, ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളജ് അദ്ധ്യാപിക ആതിര പ്രകാശിന്റെ കമന്റ്.
2006ലെ നിരക്കിൽ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന കോളേജ് അദ്ധ്യാപകർക്ക് 2016ലെ റഗുലേഷൻ പ്രകാരമുള്ള ശമ്പളം കൊടുത്തിട്ട് മതി മേനി പറച്ചിലെന്നും, പിശകില്ലാതെ ഒരു ഉത്തരവിറക്കാൻ കെൽപ്പില്ലാത്ത മന്ത്രിയും വകുപ്പുമാണെന്നുമാണെന്നായിരുന്നു അദ്ധ്യാപിക വിമർശനം.
തൊട്ടുതാഴെ അദ്ധ്യാപികയെ പരിഹസിച്ച് മന്ത്രിയുടെ മറുപടി. 'അസിസ്റ്റന്റ് പ്രൊഫസർക്ക് കുറച്ച് കൂടി മാന്യതയാവാം.. ഈ ഭാഷയിലാണോ കുട്ടികളെ പഠിപ്പിക്കുന്നത്. വിതച്ചതല്ലേ കൊയ്യൂ' . താൻ പറഞ്ഞതിൽ വസ്തുതാ വിരുദ്ധമായി എന്താണുള്ളതെന്ന് അദ്ധ്യാപിക തിരിച്ചു ചോദിച്ചു. അദ്ധ്യാപികയെ അനുകൂലിച്ചും, മന്ത്രിയുടെ വാക്കുകളെ വിമർശിച്ചും നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. അദ്ധ്യാപികയെ വിമർശിച്ചും സർക്കാരിന്റെ നേട്ടങ്ങളെ ചൂണ്ടിക്കാണിച്ചുമുള്ള കമന്റുകളും ധാരാളം .