ആശ്വസിക്കാം,​ കഴിഞ്ഞ വർഷം പോക്സോ കേസുകളിൽ കുറവ്

Monday 18 January 2021 2:11 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന് ചെറിയൊരു ആശ്വാസത്തിന് വകനൽകി കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത പോക്‌സോ കേസുകൾ കുറഞ്ഞു. പൂർണമായും കൊവിഡ് കൈയടക്കിയ 2020ൽ സംസ്ഥാനത്ത് 2726 പോക്‌സോ കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. 2019ൽ ഇത് 3,609 ആയിരുന്നു.

മിക്ക പോക്‌സോ കേസുകളിലും വില്ലനാകുന്നത് കുട്ടികൾക്ക് അറിയാവുന്നവരോ കുടുംബത്തിൽ ഉള്ളവരോ തന്നെയായിരിക്കും. കഴിഞ്ഞ വർഷം 10 മാസത്തോളം സ്കൂളുകൾ അടച്ചിട്ടിരുന്നപ്പോൾ വീടുകളിൽ ആയിരുന്ന കുട്ടികൾ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങൾ വലിയതോതിൽ റിപ്പോർട്ട് ചെയ്തില്ല എന്നത് ആശ്വാസകരമാണ്. ചൈൽഡ് ലൈനിൽ ലഭിക്കുന്ന പോക്‌സോ പരാതികളിൽ 60 ശതമാനവും സ്‌കൂളുകൾ,​ കോളേജുകൾ,​ അങ്കണവാടികൾ,​ കുടുംബശ്രീ അല്ലെങ്കിൽ പഞ്ചായത്ത് അംഗങ്ങളിൽ നിന്നോ ആണ്. പീഡനത്തിനിരയാകുന്ന കുട്ടികൾ പലപ്പോഴും സഹപാഠികളോടായിരിക്കും ഇതേക്കുറിച്ച് തുറന്നുപറയുക.

എണ്ണം കുറഞ്ഞതിന് പിന്നിൽ

പോക്‌സോ കേസുകൾ കുറഞ്ഞത് ആശ്വാസകരമായ കാര്യമാണെങ്കിലും ഇതിന് മറ്റൊരുവശം കൂടിയുണ്ട്. കൊവിഡിനെ തുടർന്ന് സ്കൂളുകൾ അടഞ്ഞു കിടന്നതിനാൽ കുട്ടികൾക്ക് പരസ്‌പരം തുറന്ന് സംസാരിക്കാനും മറ്റുമൊന്നും കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ വെളിപ്പെടാതെയും പോകും. സ്‌കൂളുകൾ പൂർണതോതിൽ തുറന്ന ശേഷമേ ഇത്തരം സംഭവങ്ങൾ പുറത്തുവരികയുള്ളൂവെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പറയുന്നു. 2020 ഏപ്രിൽ മുതൽ ഡിസംബർ വരെ ചൈൽഡ് ലൈനിൽ ലഭിച്ച പരാതികളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 30 ശതമാനം വരെ കുറവുണ്ടായെന്നാണ് കണക്ക്. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്ത് (341) ആണ്. 321 കേസുകളുമായി തലസ്ഥാന ജില്ലയായ തിരുവനന്തപുരമായിരുന്നു തൊട്ടുപിന്നിൽ. 2019ലും 2018ലും മലപ്പുറം തന്നെയായിരുന്നു ഒന്നാമത്. 2017ലും 16ലും തിരുവനന്തപുരമായിരുന്നു ഒന്നാം സ്ഥാനത്ത്.

പാലക്കാട് ഇതുവരെ

പോക്‌സോ നിയമം നിലവിൽവന്ന 2012ന് ശേഷം പാലക്കാട് ജില്ലയിൽ 1308 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 66 കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടു. 258 കേസുകളിൽ കോടതിയിൽ കുറ്റം തെളിയിക്കാനായില്ല. 753 കേസുകൾ കോടതിയുടെ പരിഗണനയിലാണ്. 230 കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നു. ഒമ്പത് വർഷത്തിനിടെ വാളയാർ സ്റ്റേഷൻ പരിധിയിൽ മാത്രം 42 പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. നിശ്ചിത കാലയളവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്ത സ്റ്റേഷൻ പരിധികളിലൊന്ന് വാളയാർ ആണ്. ഈ കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് രണ്ടെണ്ണത്തിൽ മാത്രമാണെന്നത് നടപടികളുടെ വേഗക്കുറവിന് ഉദാഹരണമാണ്. 23 കേസുകൾ വിചാരണ ഘട്ടത്തിലാണ്. പരാതിക്കാരുടെ കൂടി നിർബന്ധത്തിനു വഴങ്ങി എട്ട് കേസുകൾ അവസാനിപ്പിച്ചു. ആദിവാസി മേഖലയിൽ നിന്ന് നാല് കേസുകൾ റിപ്പോർട്ട് ചെയ്തു. 12 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള 2018ലെ ഭേദഗതി നിയമപ്രകാരം സംസ്ഥാനത്തെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതും വാളയാറിലായിരുന്നു. അതേസമയം,​ ആറ് മാസത്തിനിടെ ഒരു പോക്‌സോ കേസ് പോലും വാളയാർ സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് തെല്ല് ആശ്വാസകരമാണ്.

പോക്സോ കേസുകൾ (വർഷം,​ കേസുകൾ എന്ന ക്രമത്തിൽ)​

2020: 2,726

2019: 3,609 2018: 3,180 2017: 2,697 2016: 2,122