അടയ്‌ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി ഫാദർ തോമസ് കോട്ടൂരും സിസ്‌റ്റർ സെഫിയും
തിരുവനന്തപുരം: അഭയകേസിൽ കുറ്റംതെളിഞ്ഞതിനെ തുടർന്ന് ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ഫാദർ തോമസ് കോട്ടൂരും സിസ്‌റ്റർ സെഫിയും ഹർജിയുമായി ഹൈക്കോടതിയിൽ. കേസിലെ പ്രധാന സാക്ഷിയായ അടയ്‌ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ലെന്നും സിബിഐ കോടതിയിലെ തങ്ങളുടെ വിചാരണയും ശിക്ഷയും നിയമപരമല്ലെന്നുമാണ് അപ്പീൽ ഹർജിയിൽ ഇരുവരുടെയും വാദം.
നീണ്ട 28 വർഷങ്ങൾക്ക് ശേഷമാണ് അഭയക്കേസിൽ ഇരുവരും കുറ്റവാളികളാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കേസിൽ ഒന്നാം പ്രതിയായ ഫാദർ കോട്ടൂരിനും മൂന്നാംപ്രതിയായ സിസ്‌റ്റർ സെഫിയ്‌ക്കും കൊലക്കുറ്റമടക്കമുളള വകുപ്പുകൾ പ്രകാരം കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കേവലം രണ്ട് സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തങ്ങൾക്കെതിരെ കൊലക്കുറ്രം ചുമത്തിയതിനെയാണ് ഇരുവരും അപ്പീൽ ഹർജിയിൽ ചോദ്യം ചെയ്യുന്നത്. ഡിസംബർ 23നായിരുന്നു അഭയകേസിലെ വിധി തിരുവനന്തപുരം സിബിഐ കോടതി പുറപ്പെടുവിച്ചത്.