തിരുവനന്തപുരത്ത് സൈനികൻ പൊലീസിനെ ആക്രമിച്ച സംഭവം; പ്രതിഷേധവുമായി ബന്ധുക്കൾ, സൈനികനെതിരെ കള്ളക്കേസെടുത്തെന്ന് ആരോപണം, പൊലീസ് വാഹനം തടഞ്ഞു
തിരുവനന്തപുരം: വാഹന പരിശോധന നടത്തിയപ്പോൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട സൈനികന് വേണ്ടി പ്രതിഷേധവുമായി ബന്ധുക്കൾ. എന്നാൽ സൈനികനെതിരെ പൂന്തുറ പൊലീസ് കള്ളക്കേസാണ് എടുത്തതെന്നും സൈനികൻ കെൽവിൻ വെൽസിനെ പൊലീസ് അന്യായമായി കയ്യേറ്റം ചെയ്തുവെന്നും ആരോപിച്ചുകൊണ്ടാണ് ബന്ധുക്കൾ പൂന്തുറ പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധവുമായി എത്തിയത്.
തുടർന്ന് പ്രതിയെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയ പൊലീസ് വാഹനം ഇവർ തടയുകയും ചെയ്തു. ഡ്യൂട്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും പൊലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതിനും സൈനികനെതിരെ കേസെടുത്തിരിക്കുന്നത്.
പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിലെ വനിതാ പൊലീസുകാരോട് ഇതുവഴി വന്ന സൈനികൻ കെൽവിൻ വിൽസ് മോശമായി പെരുമാറുകയും ബഹളം വയ്‌ക്കുകയും ചെയ്‌തു. തുടർന്ന് ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പൂന്തുറ സ്‌റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെത്തി.
ഇവരുമായുള്ള തർക്കത്തിനിടെ പൊലീസുകാരെ ആക്രമിച്ച സൈനികൻ ഒരു എസ്.ഐയുടെ കൈയൊടിക്കുകയായിരുന്നു. രണ്ട് എസ്.ഐമാർക്ക് പരുക്കേറ്റതിനെ തുടർന്ന് സൈനികൻ കെൽവിൻ വിൽസിനെ പൊലീസ് അറസ്‌റ്റു ചെയ്യുകയായിരുന്നു. പൊലീസെത്തി അറസ്‌റ്റിനു ശ്രമിക്കവെയാണ് എസ്.ഐമാർക്ക് നേരെ ആക്രമണമുണ്ടായത്.