ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലേറ്റർ, കാർ പാർക്ക് ചെയ്യുന്നതിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Monday 18 January 2021 7:03 PM IST
അബുദാബി : കാർ പാർക്ക് ചെയ്യുവാൻ ഭർത്താവിനെ സഹായിക്കുന്നതിനിടെ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൃശൂർ കൈപമംഗലം സ്വദേശി ഷാൻലിയുടെ ഭാര്യ ലിജി(45) ആണ് മരിച്ചത്.
അജ്മാനിലെ ആശുപത്രി പാർക്കിംഗ് സ്ഥലത്ത് ശനിയാഴ്ചയായിരുന്നു സംഭവം. ആശുപത്രിയിൽ ആരോഗ്യ പരിശോധനയ്ക്ക് എത്തിയതായിരുന്നു ദമ്പതികൾ. അതിനിടെ തങ്ങളുടെ എസ്.യു.വി പാർക്ക് ചെയ്യാൻ വാഹനത്തിന് മുന്നിൽ നിന്ന് ലിജി ഭർത്താവിനെ സഹായിക്കുകയായിരുന്നു. പെട്ടെന്ന് ബ്രേക്കിന് പകരം ഭർത്താവ് ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണം. എസ്.യു.വി പെട്ടെന്ന് മുന്നോട്ടു കുതിക്കുകയും ലിജി വാഹനത്തിനും ചുമരിനുമിടയിൽപ്പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഏറെ വർഷമായി ദമ്പതികൾ യു.എ.ഇയിലാണ് താമസിക്കുന്നത്.