സി.എ.ജി റിപ്പോർട്ട് : തോമസ് ഐസക് അവകാശലംഘനം നടത്തിയിട്ടില്ല, ക്ലീൻ ചിറ്റ് നൽകി എത്തിക്സ് കമ്മിറ്റി
Monday 18 January 2021 9:12 PM IST
തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് വിവാദത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസകിന് ക്ലീൻചിറ്റ് നൽകി കൊണ്ടുള്ള എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ചൊവ്വാഴ്ച നിയമസഭയിൽ വയ്ക്കും. ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്നാണ് എ.പ്രദീപ് കുമാർ എം.എൽ.എ അദ്ധ്യക്ഷനായ എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി റിപ്പോർട്ട് നൽകിയിരിക്കുന്നത്. പ്രതിപക്ഷത്തെ മൂന്ന് എം എൽ എമാരുടെ വിയോജിപ്പോടെയാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്.
സി.എ.ജി റിപ്പോർട്ട് ചോർത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മറുപടി പറയുകയാണ് ചെയ്തതെന്നാണ് മന്ത്രി എത്തിക്സ് കമ്മിറ്റി മുൻപാകെ നേരിട്ട് ഹാജരായി നൽകിയ വിശദീകരണം. കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുൻപേ മാദ്ധ്യമങ്ങളിൽ വെളിപ്പെടുത്തിയ ധനമന്ത്രിയുടെ നടപടി സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു വി.ഡി. സതീശന്റെ പരാതി.