നേതാവിൽ നിന്ന് കടമെടുത്ത പാന്റും ബാൻഡും ധരിച്ചാണ് ഉമ്മൻ ചാണ്ടിയുടെ മകൻ കോടതിയിലെത്തിയത്, പിന്നെ സംഭവിച്ചതെല്ലാം ഞൊടിയിടയ്ക്കുളളിൽ

Tuesday 19 January 2021 10:53 AM IST

കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ചവറ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിക്ക് മുന്നിലെത്തിയത് വെള്ള മുണ്ടും ഷർട്ടും ധരിച്ചായിരുന്നു. പൊടുന്നനെ യൂത്ത് കോൺഗ്രസ് നേതാവിന്റെ കറുത്ത പാന്റും മറ്റൊരു അഭിഭാഷകന്റെ ബാൻഡും (കഴുത്തിൽ അണിയുന്നത്) വാങ്ങി ധരിച്ച് കോടതിമുറിയിലേക്ക് കയറി. വാദപ്രതിവാദങ്ങൾക്കൊടുവിൽ വധശ്രമ കുറ്റം ചുമത്തി അറസ്റ്റുചെയ്ത അഞ്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നേ‌ടിയെടുക്കുകയും ചെയ്തു.

കഴിഞ്ഞദിസമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പന്മന ഗ്രാമപ്പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്ന വാർഡുകളിൽ പ്രചാരണത്തിന് എത്തിയതായിരുന്നു ചാണ്ടി ഉമ്മൻ.അപ്പോഴാണ് കെ.ബി.ഗണേഷ് കുമാർ എം എൽ എയുടെ വാഹനത്തിന് കല്ലെറിഞ്ഞ കേസിൽ വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത തങ്ങളുടെ അഞ്ച് പ്രവർത്തകരുടെ ജാമ്യാപേക്ഷ ചവറ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പരിഗണിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ് അറിയിച്ചത്. ഇതിനെത്തുടർന്നാണ് സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ചാണ്ടി ഉമ്മൻ കേസിൽ ഹാജരായത്.

കോടതിയിൽ ഹാജരാവാൻ വേഷം പ്രശ്നമാണെന്ന് ഒപ്പമുളള ചിലർ ചൂണ്ടിക്കാട്ടി. എത്രവലിയ പ്രശ്നത്തിനും ചിരിച്ചുകൊണ്ട് നിമിഷനേരംകൊണ്ട് പരിഹാരം കാണുന്ന സാക്ഷാൻ ഉമ്മൻ ചാണ്ടിയുടെ മകന് അതൊന്നും ഒരു പ്രശ്നമായിരന്നില്ല. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെ. ജോയിമോന്റെ പാന്റും മറ്റൊരു അഭിഭാഷകന്റെ ബാൻഡും ധരിച്ച് പ്രശ്നത്തിന് ഞൊടിയിടയ്ക്കുളളിൽ പരിഹാരം കണ്ടു. കോവിഡ് കാലം ആയതിനാൽ കോട്ടും ഗൗണും നിർബന്ധമല്ല. കോൺഗ്രസ് നേതാക്കളും അഭിഭാഷകരുമായ ഇ.യൂസുഫ് കുഞ്ഞ്, ജെ.സുരേഷ് കുമാർ, സി. സജീന്ദ്രകുമാർ‍, കോയിവിള വിഷ്ണു വിജയൻ തുടങ്ങിയവരും കോടതിയിലെത്തി.