കശുഅണ്ടി ഇറക്കുമതിയിൽ 500 കോടിയുടെ അഴിമതി; മുൻ എം ഡിക്കും ഐ എൻ ടി യു സി നേതാവിനുമെതിരെ സി ബി ഐയുടെ കുറ്റപത്രം
തിരുവനന്തപുരം: കശുഅണ്ടി വികസന കോർപ്പറേഷനിൽ കശുഅണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് നടന്ന അഞ്ഞൂറ് കോടിയോളം രൂപയുടെ അഴിമതിയിൽ കോർപ്പറേഷൻ എം.ഡിയായിരുന്ന കെ.എ. രതീഷിനും ചെയർമാനായിരുന്ന ഐ.എൻ.ടി.യു.സി നേതാവ് ആർ.ചന്ദ്രശേഖരനുമെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം സി.ബി.ഐ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കൊല്ലം 2005 മുതൽ 2015 വരെ കോർപ്പറേഷനിൽ നടന്ന തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതികളാണ് സി.ബി.ഐ അന്വേഷണത്തിൽ കണ്ടെത്തിയത്.
സെൻട്രൽ വിജിലൻസ് കമ്മിഷൻ മാർഗ്ഗനിർദ്ദേശങ്ങളും സ്റ്റോർ പർച്ചേസ് മാന്വലും ടെൻഡർ വ്യവസ്ഥകളുമെല്ലാം അട്ടിമറിച്ച് സ്വകാര്യ കമ്പനിയിൽ നിന്ന് തോട്ടണ്ടി വാങ്ങിയതിലൂടെ കോടികളുടെ അഴിമതി നടന്നതായാണ് സി.ബി.ഐ കണ്ടെത്തൽ. 2015ൽ നടന്ന അഴിമതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ കടകമ്പള്ളി മനോജ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സി.ബി.ഐ സംസ്ഥാന സർക്കാരിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി തേടിയപ്പോൾ സർക്കാർ അനുമതി നിഷേധിച്ചതും അടുത്തിടെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതോടെ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാതെ പോയ കേസിൽ പരാതിക്കാരനായ കടകമ്പള്ളി മനോജ് വീണ്ടും കോടതിയെ സമീപിച്ച് സർക്കാർ നടപടിയെ ചോദ്യം ചെയ്തു. തുടർന്നാണ് കോടതി അനുമതിയോടെ കുറ്റപത്രം സമർപ്പിക്കാൻ സി.ബി.ഐ തയ്യാറായത്. സി.ബി.ഐ അന്വേഷണത്തിന് മുമ്പ് 12 റിപ്പോർട്ടുകളെങ്കിലും അഴിമതി തെളിയിക്കുന്നതായി വന്നിട്ടുണ്ട്. 1970 മുതൽ 2005 വരെ കോർപ്പറേഷന്റെ നഷ്ടം 455 കോടി രൂപയാണെന്നാണ് കോർപ്പറേഷൻ നൽകുന്ന കണക്ക്. എന്നാൽ, 2005 മുതൽ 2015 വരെയുള്ള പത്ത് വർഷത്തിനിടയിൽ ഇത് ആയിരം കോടിക്ക് മുകളിലായി.
ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് മനോജ് കോടതിയെ സമീപിച്ചത്. പിന്നീട് ധനകാര്യ വകുപ്പ്, വ്യവസായ വകുപ്പ്, വിജിലൻസ്, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, നിയമസഭാ സമിതി എന്നിങ്ങനെ സർക്കാരിന്റെ വിവിധ ഏജൻസികൾ സമർപ്പിച്ച 12 റിപ്പോർട്ടുകളിൽ തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതിയുണ്ടെന്ന് വ്യക്തമാക്കുന്നു. കോടതിയിൽ അന്നത്തെ ഫിനാൻസ് അഡീഷണൽ സെക്രട്ടറി കെ.എം എബ്രഹാം നൽകിയ റിപ്പോർട്ടിലും വൻ അഴിമതിയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കോടതിയിൽ കേസ് നടക്കുന്നതിനിടയിൽ സർക്കാർ ഇതന്വേഷിക്കാൻ പി എച്ച്. കുര്യന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോർട്ടിലും കോർപ്പറേഷനിലെ ക്രമക്കേടും അഴിമതിയും വെളിവായി. തുടർന്ന് അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്താമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, ഇന്റർനാഷണൽ ട്രേഡിംഗ് ആയതിനാൽ സി.ബി.ഐ തന്നെ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
1200 കോടിരൂപയുടെ സഞ്ചിത നഷ്ടം ഇക്കാലയളവിൽ ഉണ്ടായതായാണ് കണക്കാക്കുന്നത്. ടെൻഡർ വിളിക്കാതെയും ടെൻഡർ വിളിച്ചിട്ട് അത് പൊട്ടിക്കാതെയും തോട്ടണ്ടി വാങ്ങിയിട്ടുണ്ട്. എന്നാൽ, അതെല്ലാം ഒറ്റ കമ്പനിയിൽ നിന്നാണ്. ക്വാളിറ്റി കുറഞ്ഞതും മുളച്ചതും ചീത്തയായതുമായ തോട്ടണ്ടിയാണ് ഇറക്കുമതി ചെയ്തത്. ഇത് കൂടാതെ പരിപ്പ് വിലകുറച്ച് വിറ്റു. ഇത്തരത്തിൽ 500 കോടിയിലധികം രൂപയുടെ അഴിമതിനടന്നതായാണ് വെളിപ്പെട്ടിരിക്കുന്നത്. കോട്ടയം ആസ്ഥാനമായ ജെ.എം.ജെ ട്രേഡിംഗ് കമ്പനിയാണ് കോർപ്പറേഷന് വേണ്ടി തോട്ടണ്ടി ഇറക്കുമതി ചെയ്തത്.
സിഐ.ടി.യു നേതാവും കോർപ്പറേഷൻ മുൻ ചെയർമാനുമായിരുന്ന ഇ. കാസിം ആയിരുന്നു രണ്ടാം പ്രതി. എന്നാൽ, അദ്ദേഹം മരണമടഞ്ഞതോടെ കേസിൽ നിന്ന് ഒഴിവാക്കി. ചന്ദ്രശേഖരൻ മൂന്നാം പ്രതിയാണ്. അഴിമതിക്കേസിലെ ഒന്നാം പ്രതിയായ കെ.എ. രതീഷിന്റെ ശമ്പളം വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിലും വലിയ പ്രതിഷേധംഉയർന്നിരുന്നു. ഖാദി ബോർഡ് സെക്രട്ടറിയായ രതീഷിന്റെ ശമ്പളം 80,000 രൂപയിൽ നിന്ന് 1,70,000 രൂപയായാണ് വർദ്ധിപ്പിച്ചത്.