അഭയ കേസ്: ഫാ. തോമസ് കോട്ടൂരിന്റെ അപ്പീലിൽ നോട്ടീസ്
കൊച്ചി : സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവു ശിക്ഷക്കെതിരെ ഒന്നാംപ്രതി ഫാ. തോമസ് കോട്ടൂർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സി.ബി.ഐക്ക് നോട്ടീസ് നൽകാൻ നിർദ്ദേശിച്ചു. ഡിവിഷൻ ബെഞ്ച് അപ്പീൽ പിന്നീടു പരിഗണിക്കും.
വിചാരണയിലും ശിക്ഷാവിധിയിലും അപാകതയുണ്ടെന്നും വിധി നിയമപരമല്ലെന്നുമാരോപിച്ചാണ് അപ്പീൽ. സാക്ഷികളായ അടയ്‌ക്കാ രാജു, ഷമീർ, കളർകോട് വേണുഗോപാൽ എന്നിവരുടെ മൊഴികളിൽ നിന്ന് അടർത്തിയെടുത്ത സാഹചര്യങ്ങൾ കൂട്ടിച്ചേർത്താണ് തനിക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളതെന്നും ഇതു നിയമപരമായി നിലനിൽക്കില്ലെന്നും അപ്പീലിൽ പറയുന്നു.
മൂന്നാം പ്രതി സിസ്റ്റർ സെഫി ജീവപര്യന്തം തടവുശിക്ഷയ്ക്കെതിരെ അപ്പീൽ നൽകിയിട്ടില്ല. കോട്ടയം പയസ് ടെൻത് കോൺവെന്റ് ഹോസ്റ്റലിലെ അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992 ലാണ് മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വർഷങ്ങൾക്കു ശേഷമാണ് വിധി വന്നത്.