സംസ്ഥാനത്ത് ഭീതിവിതച്ച് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് ആലപ്പുഴയിൽ, ജാഗ്രതാ നി​ർദ്ദേശം

Wednesday 20 January 2021 12:19 PM IST

ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ടുചെയ്തു. കൈനകരിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ അഞ്ഞൂറോളം താറാവുകൾ ഉൾപ്പടെയുളള പക്ഷികൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിക്കുകയായിരുന്നു. പ്രദേശത്ത് പക്ഷികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിമൂലമാണെന്ന സംശയം ഉയർന്നതിനെത്തുടർന്ന് ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

രോഗം സ്ഥിരീകരിച്ചതോടെ കൈനകരിയിൽ മാത്രം 700 താറാവ്, 1600 കോഴി എന്നിവയെ നശിപ്പിക്കേണ്ടിവരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. ഇതിനുളള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും.കൈനകരിയിലും സമീപ പ്രദേശങ്ങളിലും അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കോട്ടയത്തെ നീണ്ടൂരും ആലപ്പുഴ ജില്ലയിൽ കുട്ടനാടൻ മേഖലകളിലും ഈ മാസം ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.ഇതിനെത്തുടർന്ന് പതിനായിരക്കണക്കിന് പക്ഷികളെയാണ് ഇവിടങ്ങളിൽ കൊന്നൊടുക്കിയത്. അതിന്റെ ഭീതി മാറുംമുമ്പാണ് കൈനകരിയിൽ രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് പ്രതിസന്ധിക്കിടെ പക്ഷിപ്പനികൂടി സ്ഥിരീകരിച്ചത് താറാവ്, കോഴി കർഷകരെ ആകെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.