അച്ചപ്പൻ കവല തോട് മാലിന്യത്താൽ പൊറുതിമുട്ടി

Wednesday 20 January 2021 10:16 PM IST
ഒഴുക്കു നിലച്ച് മാലിന്യം കെട്ടിക്കിടക്കുന്ന അച്ചപ്പൻ കവല തോട്

കിഴക്കമ്പലം: ഒഴുക്കു നിലച്ച തോട്ടിൽ കെട്ടിക്കിടക്കുന്ന മാലിന്യം കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ. കുന്നത്തുനാട് പഞ്ചായത്തിലെ കടമ്പ്രയാറിന്റെ കൈവഴിയായി ഒഴുകുന്ന പള്ളിക്കര അച്ചപ്പൻകവലയിലെ തോട്ടിലാണ് മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നത്. പ്രദേശത്തെ നെൽകൃഷി നിലച്ചതോടെ ഇവിടെയുണ്ടയിരുന്ന തോടും വെള്ളം ഒഴുകിപ്പോകാനാകത്ത വിധം മൂടിയ നിലയിലാണ്. ഓടകളിൽ നിന്നും ഇവിടേയ്ക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങളാകട്ടെ ഒഴുകിപ്പോകാനാകത്ത സ്ഥിതിയിൽ കെട്ടിക്കിടക്കുകയാണ്. നിലവിലെ സാംക്രമികരോഗങ്ങൾക്ക് പുറമേ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഷിഗെല്ല ഉൾപ്പെടെ ജലത്തിലൂടെയാണ് പകരുന്നതാണെന്നും വീടുകളിലും മ​റ്റും ശുചിത്വം ഉറപ്പു വരുത്തണമെന്നും വകുപ്പ് അധികൃതർതന്നെ വ്യക്തമാക്കിയ സാഹചര്യത്തിലും ഇത്തരം അവസ്ഥകൾ അധികൃതർ കണ്ടിട്ടും കാണാത്ത ഭാവം നടിക്കുകയാണെന്നാണ് ആക്ഷേപമുയരുന്നത്. അടിയന്തിരമായി പ്രദേശത്തെ തോട് വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.