നടിയെ ആക്രമിച്ച കേസ് : മാപ്പുസാക്ഷിയെ അറസ്റ്റുചെയ്ത് ഇന്ന് ഹാജരാക്കണം
ജയിൽ സൂപ്രണ്ട് രേഖകൾ ഹാജരാക്കണം
കൊച്ചി: യു വനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യം പകർത്തിയ കേസിൽ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ മാപ്പുസാക്ഷി വിപിൻലാലിനെ അറസ്റ്റു ചെയ്ത് ഇന്നു ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിർദ്ദേശം നൽകി.
ഇയാൾ പുറത്തിറങ്ങിയതിനെതിരായി ദിലീപ് നൽകിയ പരാതിയിലാണ് നടപടി.
ജാമ്യത്തിലിറങ്ങാനിടയായ സാഹചര്യം വ്യക്തമാക്കാനും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും വിയ്യൂർ ജയിൽ സൂപ്രണ്ടിനും വിചാരണക്കോടതി നിർദ്ദേശം നൽകി.
മുഖ്യപ്രതിയായ പൾസർ സുനി ജയിലിൽ കിടക്കുമ്പോൾ തനിക്കു ലഭിക്കാനുള്ള ബാക്കി തുക നൽകണമെന്നാവശ്യപ്പെട്ട് ഇയാൾക്കു വേണ്ടി കത്തെഴുതി നൽകിയത് സഹതടവുകാരനായ വിപിൻലാലായിരുന്നു. ചങ്ങനാശേരി സ്വദേശിയായ വിപിൻലാൽ ചെക്കു കേസിലാണ് കാക്കനാട് സബ് ജയിലിലെത്തിയത്. വിപിൻലാൽ എഴുതിയ കത്ത് പൊലീസിനു ലഭിച്ചതോടെയാണ് നടിയെ ആക്രമിച്ച കേസിൽ ഇയാളെയും പ്രതിചേർത്തത്. കുറ്റം ഏറ്റുപറഞ്ഞ് ഇയാൾ മാപ്പുസാക്ഷിയായി. ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 306 പ്രകാരം മാപ്പുസാക്ഷിയായ വ്യക്തി വിചാരണ കഴിയുന്നതുവരെ തടവിൽ കഴിയണമെന്നുണ്ട്. എന്നാൽ ചെക്ക് കേസിൽ ജാമ്യം ലഭിച്ചപ്പോൾ വിപിൻലാലിനെ ജയിലിൽ നിന്ന് വിട്ടയച്ചു. കാസർകോടുള്ള ബന്ധുവീട്ടിലേക്ക് ഇയാൾ മാറി. പിന്നീടാണ് കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ ഒാഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല ഇയാളെ കാസർകോട് എത്തി സ്വാധീനിക്കാൻ ശ്രമിച്ചത്.