'നിങ്ങൾക്ക് പറയാനുണ്ടെങ്കിൽ പറയെടാ, അഴിമതിയുണ്ടെങ്കിൽ തെളിയിക്കെടാ, അടിക്കാൻ പറ്റുമെങ്കിൽ അടിക്കെടാ' സഭയിൽ ഗോഡ്ഫാദറിലെ സീൻ വിവരിച്ച് സ്‌പീക്കർ

Thursday 21 January 2021 3:37 PM IST

തിരുവനന്തപുരം: സ്‌പീക്കർ സ്ഥാനത്ത് നിന്നും പി ശ്രീരാമകൃഷ്‌ണനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം എൽ എ എം ഉമ്മർ കൊണ്ടു വന്ന അടിയന്തര പ്രമേയത്തിനുളള മറുപടി പ്രസംഗത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. മറുപടി പ്രസംഗത്തിന്റെ ഒരു ഘട്ടത്തിൽ പ്രതിപക്ഷത്തെ വിമർശിക്കാൻ സ്‌പീക്കർ കൂട്ടുപിടിച്ചത് സിദ്ദിഖ് ലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ഗോഡ്‌ഫാദറിലെ ഒരു രംഗമാണ്. സഭാനാഥന്റെ സിനിമാ സീൻ പറച്ചിൽ സഭയ്‌ക്കകത്തും പുറത്തും ഒരുപോലെ കൗതുകമായി.

സ്‌പീക്കർ പറഞ്ഞത്

ഗോഡ്ഫാദർ എന്ന സിദ്ധിഖ് ലാൽ ചിത്രത്തിൽ ഒരു രംഗമുണ്ട്. അതിൽ ഇന്നസെന്റ് അവതരിപ്പിക്കുന്ന മകൻ കഥാപാത്രം അച്ഛനറിയാതെ ഭാര്യയുമായി ജീവിക്കുകയാണ് എന്നറിഞ്ഞ് അദ്ദേഹം മകനേയും കൂട്ടി അത് അന്വേഷിക്കാൻ പോകുന്നുണ്ട്. അവിടെ വച്ച് താൻ എൻ എൻ പിളളയുടെ മകനല്ലെന്നും മറ്റൊരാളാണെന്നുമുളള തരത്തിൽ ഇന്നസെന്റ് അഭിനയിക്കുമ്പോൾ ഞാൻ നിന്റെ അച്ഛനല്ലെങ്കിൽ എന്റെ മുഖത്ത് അടിക്കടാ എന്ന് എൻ എൻ പിളളയുടെ കഥാപാത്രം പറയും. അപ്പോൾ സഹികെട്ട് തന്റെ അനിയൻ കഥാപാത്രത്തെ ഇന്നസെന്റ് അടിക്കും.

അതേഅവസ്ഥയാണ് ഇവിടെ.. ഈ സർക്കാർ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണ്. നിങ്ങൾക്ക് പറയാനുണ്ടെങ്കിൽ പറയെടാ, അഴിമതിയുണ്ടെങ്കിൽ തെളിയിക്കെടാ, അടിക്കാൻ പറ്റുമെങ്കിൽ അടിക്കെടാ എന്ന്. പക്ഷേ വെല്ലുവിളി ഏറ്റെടുക്കാനോ മറുപടി പറയാനോ പറ്റാത്ത അരിശത്തിൽ സ്പീക്കറെ കേറി അടിച്ചു. അതാണ് ഈ അടിയന്തരപ്രമേയം. ഇത് പ്രതിപക്ഷത്തിന് ബൂമറാംഗാകും. ഇന്നസെന്റിന് ഗോഡ് ഫാദറിൽ സംഭവിച്ച അതേ അവസ്ഥയാകും ഉമ്മറിന് സംഭവിക്കാൻ പോവുക.