പാലക്കാട് തീപാറും പോരാട്ടം; ഷാഫി പറമ്പിലിനെ വീഴ്‌ത്താൻ സന്ദീപ് വാര്യരുമായി ബി ജെ പി
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ഷാഫി പറമ്പിലിനെ വീഴ്‌ത്താൻ ബി ജെ പി സന്ദീപ് വാര്യരെ രംഗത്തിറങ്ങുമെന്ന് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് പാർട്ടി നേതൃത്വം സന്ദീപിനെ കളത്തിലിറക്കാൻ ആലോചിക്കുന്നത്. നഗരസഭയിൽ തുടർഭരണം നേടിയതും സമീപ പഞ്ചായത്തുകളിലെ വോട്ടുവർദ്ധനയും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ.
2011ൽ ഇടതുപക്ഷത്തിൽ നിന്ന് മണ്ഡലം പിടിച്ചെടുത്ത ഷാഫി പറമ്പിൽ കഴിഞ്ഞ തവണ തന്റെ ഭൂരിപക്ഷം കൂട്ടുകയാണ് ചെയ്‌തത്. ബി ജെ പി സംസ്ഥാന സെക്രട്ടറിയും മുൻ നഗരസഭാ ചെയർമാനുമായ സി കൃഷ്‌ണകുമാറിനെ പാലക്കാട് മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന് താത്പര്യം. എന്നാൽ മലമ്പുഴയിൽ മത്സരിക്കാനാണ് കൃഷ്‌ണകുമാർ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് സന്ദീപ് വാര്യരെ കളത്തിലിറക്കാൻ ബി ജെ പി ആലോചിക്കുന്നത്.
യു ഡി എഫുമായി ആറായിരം വോട്ടിന്റെ വ്യത്യാസമാണ് ബി ജെ പിക്കുളളത്. സന്ദീപ് വാര്യരെ പോലെ ഒരു യുവനേതാവ് വരുന്നതോടെ ഇത് മറികടക്കാനാവുമെന്ന് നേതൃത്വം കരുതുന്നു. ഇത്തവണ നൂറുശതനമാനവും പാലക്കാട് താമര വിരിയിക്കാനാകുമെന്ന് തന്നെയാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
യു ഡി എഫിനെ സംബന്ധിച്ച് ഷാഫി പറമ്പിൽ അല്ലാതെ മറ്റൊരു പേര് പാലക്കാട് മണ്ഡലത്തിലേക്ക് ഉയരില്ല. ഇടതുപക്ഷവും മുതിർന്ന നേതാക്കളെ പാലക്കാട് പരീക്ഷിക്കാൻ സാദ്ധ്യതയില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. നാലുപതിറ്റാണ്ടായി ബി ജെ പി കണ്ണുവച്ച മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തവണ ശോഭാസുരേന്ദ്രൻ മത്സരിച്ചപ്പോൾ രണ്ടാംസ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. എന്നാൽ ഇത്തവണ മണ്ഡലം എങ്ങനെയും പിടിക്കണമെന്ന വാശിയിലാണ് ബി ജെ പി നേതൃത്വം.